90 മീറ്റർ മറികടന്നു കോമൺവെൽത്ത് റെക്കോർഡ് കുറിച്ചു സ്വർണം നേടി അർഷദ് നദീം

Wasim Akram

20220808 023317
Download the Fanport app now!
Appstore Badge
Google Play Badge 1

കോമൺവെൽത്ത് ഗെയിംസിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്രയുടെ പരിക്കേറ്റുള്ള പിന്മാറ്റം ജാവലിൻ ത്രോയുടെ മാറ്റ് കുറച്ചിരുന്നു. എന്നാൽ ആ കുറവ് അവിശ്വസനീയ പ്രകടനവും ആയി മറികടക്കുക ആണ് പാക്കിസ്ഥാൻ താരം അർഷദ് നദീം. മത്സരത്തിൽ 3 തവണ തന്റെ ഏറ്റവും മികച്ച സമയം തിരുത്തിയ അർഷദ്, കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം എറിഞ്ഞു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും തകർത്തു. 90 മീറ്റർ ദൂരം എറിയുന്ന ആദ്യ തെക്കേ ഏഷ്യൻ താരവും ആയി മാറി അർഷദ് നദീം. ചൈനീസ് തായ്‌പേയയുടെ ചാ സണിനു ശേഷം 90 മീറ്റർ ദൂരം താണ്ടുന്ന ആദ്യ ഏഷ്യൻ താരമായും പാക്കിസ്ഥാൻ താരം മാറി.

ആദ്യ ശ്രമത്തിൽ തന്നെ 86.38 മീറ്റർ എന്ന തന്റെ മികച്ച ദൂരം അർഷദ് നദീം 86.81 മീറ്റർ എറിഞ്ഞു തിരുത്തി. മൂന്നാം ശ്രമത്തിൽ 88 മീറ്റർ എറിഞ്ഞ നദീം സ്വർണം ഉറപ്പിച്ചത് ആയി കരുതി. എന്നാൽ നാലാം ശ്രമത്തിൽ 88.64 മീറ്റർ ദൂരം എറിഞ്ഞ ലോക ചാമ്പ്യൻ കൂടിയായ ഗ്രനാഡയുടെ ആന്റേഴ്സൺ പീറ്റേർസ് ആ ദൂരം മറികടന്നു. എന്നാൽ തന്റെ നാലാം ശ്രമത്തിൽ തോളിലെ വേദന അവഗണിച്ചു 90.18 മീറ്റർ എന്ന അവിശ്വസനീയ ദൂരം എറിഞ്ഞ അർഷദ് നദീം പാകിസ്ഥാനു സ്വർണം സമ്മാനിക്കുക ആയിരുന്നു. 60 വർഷത്തിന് ഇടയിൽ ഇത് ആദ്യമായാണ് പാകിസ്ഥാൻ കോമൺവെൽത്ത് ഗെയിംസിൽ ട്രാക് ആന്റ് ഫീൽഡിൽ സ്വർണം നേടുന്നത്.

20220808 023323

കെനിയയുടെ ജൂലിയസ് യെഗോ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. 85.70 മീറ്റർ ആണ് കെനിയൻ താരം എറിഞ്ഞ ദൂരം. നീരജിന്റെ അഭാവത്തിൽ രണ്ടു ഇന്ത്യൻ താരങ്ങൾ ജാവലിൻ ഫൈനലിൽ എത്തിയിരുന്നു. 82.28 മീറ്റർ ദൂരം എറിഞ്ഞ ഡി.പി മനു അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ 82.22 മീറ്റർ എറിഞ്ഞ രോഹിത് യാദവ് ആറാം സ്ഥാനത്ത് എത്തി. സമീപകാലത്ത് യോഹന്നാസ് വെറ്റർ, ആന്റേഴ്സൺ പീറ്റേർസ്, യാക്കൂബ് വാഡ്ലച് എന്നിവർക്ക് ശേഷം 90 മീറ്റർ ദൂരം മറികടക്കുന്ന നാലാമത്തെ താരമാണ് അർഷദ് നദീം. പരിക്ക് മാറി ട്രാക്കിലേക്ക് നീരജ് ചോപ്ര മടങ്ങിയെത്തുമ്പോൾ 90 മീറ്റർ മറികടക്കാൻ തന്നെയാവും നീരജിന്റെയും ശ്രമം. വീണ്ടും ഭാവിയിൽ ജാവലിൻ ത്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ പോരായി നീരജ്‌ ചോപ്ര, അർഷദ് നദീം പോരാട്ടങ്ങൾ നമുക്ക് കാണാം.