ലോകചാമ്പ്യൻഷിപ്പിൽ 25 മെഡലുകൾ – ജിംനാസ്റ്റിക്കിൽ ചരിത്രം കുറിച്ച് സിമോണ

Wasim Akram

ലോക ചാമ്പ്യൻഷിപ്പിൽ ജിംനാസ്റ്റിക്കിൽ ചരിത്രം കുറിച്ച് അമേരിക്കൻ ജിംനാസ്റ്റ് സിമോണ ബൈൽസ്. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് 22 കാരിയായ അമേരിക്കൻ താരം സ്വന്തം പേരിൽ കുറിച്ചത്. 23 മെഡലുകൾ നേടിയ ബെലാറസ് താരം വിറ്റലി ഷേർബോയുടെ റെക്കോർഡ് ആണ് ബൈൽസ് ഇന്ന് മറികടന്നത്.

ഇന്ന് ലോക ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡലുകൾ നേടിയ ബൈൽസ് തന്റെ സുവർണ നേട്ടവും 19 ആയി ഉയർത്തി. ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരം എന്ന റെക്കോർഡും 4 തവണ ഒളിമ്പിക് സുവർണ മെഡൽ ജേതാവ് കൂടിയായ ബൈൽസിന്റെ പേരിലാണ്. ജർമ്മനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇനിയും മെഡൽ നേടാൻ ബൈൽസിന് അവസരങ്ങൾ ഉണ്ട്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സും അമേരിക്കൻ താരം ലക്ഷ്യമിടുന്നു.