ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വനിതകളുടെ പോൾ വോൾട്ട് ഫൈനലിൽ നാടകീയ നിമിഷങ്ങൾ. കഴിഞ്ഞ ഒളിമ്പിക്സ് ഹൈജംപ് ഫൈനലിൽ ഇറ്റാലിയൻ താരം ജിയാന്‍മാര്‍ക്കോ ടംബേരിയും ഖത്തർ താരം മുത്താസ് ഇസ ബാശിമും സ്വർണം പങ്ക് വെച്ചതിന് സമാനമായി പോൾ വോൾട്ടിലും രണ്ടു താരങ്ങൾ സ്വർണം പങ്ക് വെച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇത് ആദ്യമായി ആണ് ഒരു ഇനത്തിൽ രണ്ട് ലോക ചാമ്പ്യന്മാർ ഉണ്ടാവുന്നത്.
അമേരിക്കയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവും ആയ കാറ്റി മൂണും ഓസ്‌ട്രേലിയൻ താരം നിന കെന്നഡിയും ആണ് സ്വർണം പങ്ക് വെച്ചത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ മികച്ച ഉയരം ആയ 4.85 മീറ്റർ അനായാസം മറികടന്ന ഇരു താരങ്ങളും തങ്ങളുടെ അവസാനത്തെയും മൂന്നാമത്തെയും ശ്രമത്തിൽ 4.90 മീറ്റർ ഫൈനലിൽ മറികടക്കുക ആയിരുന്നു.
തുടർന്ന് 4.95 മീറ്റർ മറികടക്കാനുള്ള ശ്രമത്തിൽ ഇരുവരും പരാജയപ്പെട്ടതോടെ ഇരുവരും അർഹിച്ച സ്വർണനേട്ടവും ആയി കളം വിടുക ആയിരുന്നു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കെന്നഡി സ്വർണം നേടി സ്വപ്നം പൂർത്തിയാക്കിയപ്പോൾ രണ്ടാം തവണയും ലോക ചാമ്പ്യൻ ആയ കാറ്റിക്ക് ഇത് ഒരിക്കലും മറക്കാൻ ആവാത്ത അനുഭവം തന്നെയായി. സീസണിലെ തന്റെ ഏറ്റവും മികച്ച ഉയരം ആയ 4.80 മീറ്റർ ചാടിയ ഫിൻലന്റ് താരം വിൽമ മെർറ്റോ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.