ഇന്ത്യൻ കായിക രംഗത്തെ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് മത്സരം ചൂട് പിടിക്കുന്നു. നിലവിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സ്പോർട്സ് ചാനലുകൾ ആയ സ്റ്റാർ സ്പോർട്സ്, സോണി നെറ്റ്വർക്ക് എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് മുകേഷ് അംബാനിയുടെ റിയലൻസ് വിയകോം 18. നിലവിൽ അവരുടെ മ്യൂസിക് ചാനൽ ആയ എം.ടിവി, വി.എച് വൺ എന്നിവയിലും വൂട്ട് സെലക്റ്റ് വഴിയും മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന അവർ ഏപ്രിൽ 15 മുതൽ പുതിയ സ്പോർട്സ് ചാനലുകൾ തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 15 മുതൽ പ്രധാന ഡി.ടി.എച് സർവീസുകളിൽ എല്ലാം വിയകോമിന്റെ സ്പോർട്സ് 18 1, സ്പോർട്സ് 18 1 എച്.ഡി, സ്പോർട്സ് 18 2, സ്പോർട്സ് 18 2 എച്.ഡി എന്നിവക്ക് പുറമെ ഖേൽ 18 എന്ന ഹിന്ദി സ്പോർട്സ് ചാനലുകളും ലഭ്യം ആവും എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ സ്പാനിഷ് ലാ ലീഗ, ഫ്രഞ്ച് ലീഗ് വൺ, ഇറ്റാലിയൻ സീരി എ മുതലായ മൂന്നു യൂറോപ്യൻ സൂപ്പർ ലീഗുകൾ അവർ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ നാഷണൽ ബാസ്‌ക്കറ്റ് ബോൾ(എൻ.ബി.എ), ടെന്നീസ് എ.ടി.പി ടൂർ, ബാഡ്മിന്റൺ ബി.ഡബ്യു.എഫ് ടൂർ, ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ, റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസ്, അബുദാബി 10-10 ലീഗ് തുടങ്ങിയ മത്സരങ്ങളും അവർ സംപ്രേഷണം ചെയ്തിരുന്നു. ഇതിനു പുറമെ ഈ വർഷത്തെ ഖത്തർ ഫിഫ ലോകകപ്പ് സംപ്രേഷണ അവകാശവും വിയകോം സ്വന്തമാക്കിയിരുന്നു. നിലവിൽ സ്റ്റാർ, സോണി എന്നിവർക്ക് ഇന്ത്യൻ കായിക ബ്രോഡ്കാസ്റ്റിംഗ് രംഗത്തുള്ള അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളി ആവും മുകേഷ് അംബാനി ഉയർത്തുക എന്നതിൽ സംശയം ഇല്ല.