ടോക്കിയോ ഒളിമ്പിക്സിൽ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നും സ്വർണ്ണം നേടുക എളുപ്പമല്ല എന്നും ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർ താരം പിവി സിന്ധു.റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധു ഇപ്പോൾ യ ലോക ചാമ്പ്യനാണ്. ഞായറാഴ്ച ഇസ്രായേലിന്റെ ക്സെനിയ പോളികാർപോവയ്‌ക്കെതിരെ ആണ് സിന്ധുവിന്റെ ആദ്യ മത്സരം.
ഇത്തവണ വളരെയധികം പ്രതീക്ഷകളുണ്ട്, അതുപോലെ തന്നെ വളരെയധികം ഉത്തരവാദിത്തങ്ങളുമുണ്ട്, ഇത് തീർച്ചയായും സമ്മർദ്ദമുണ്ടാക്കുന്നു എന്നും സിന്ധു പറഞ്ഞു. 2016 ലെ ഒളിമ്പിക്സിൽ താൻ അറിയപ്പെടുന്ന ആളായിരുന്നില്ല. എന്നാൽ ഇന്ന് എല്ലാവരും തന്നെ ഉറ്റു നോക്കുന്നു എന്നും സിന്ധു പറഞ്ഞു.
ടോക്കിയോയിൽ സിന്ധു കിരീടം നേടിയാൽ ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി വ്യക്തിഗത ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവാകുന്ന രണ്ടാമത്തെ താരമായി സിന്ധു മാറും.