കഴിഞ്ഞ ആഴ്ചയിൽ ടീം ഫൈനലിൽ നിന്നു മാനസിക ആരോഗ്യം കണക്കിൽ എടുത്തു പിന്മാറിയ ശേഷം എല്ലാവരും കാത്തിരുന്ന തിരിച്ചു വരവിൽ വെങ്കലം നേടി അമേരിക്കൻ താരം സിമോണ ബൈൽസ്. 4 തവണ റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ബൈൽസ് ആദ്യ മത്സരത്തിൽ തന്നെ ഇങ്ങനെ പിന്മാറിയത് അമേരിക്കക്ക് കടുത്ത തിരിച്ചടി ആയി. എന്നാൽ തിരിച്ചു വന്ന ബൈൽസ് വ്യക്തഗത ബീം ഫൈനലിൽ വെങ്കലം നേടി. ലോക ചാമ്പ്യൻഷിപ്പിൽ 25 ൽ അധികം മെഡലുകൾ ഉള്ള ബൈൽസ് ചരിത്രത്തിലെ ഏറ്റവും മഹത്തായ താരം എന്നാണ് കണക്കാക്കപ്പെടുന്നത്.
ബൈൽസ് ഒളിമ്പിക്‌സിൽ നേടുന്ന ഏഴാം മെഡൽ ആണ് ഇത്. ഇതോടെ അമേരിക്കക്ക് ആയി ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകൾ നേടുന്ന താരം എന്ന റെക്കോർഡിനു ഒപ്പവും ബൈൽസ് എത്തി. അമേരിക്കൻ താരങ്ങളും മറ്റ് താരങ്ങളും അടക്കം ഗാലറിയിൽ ഉണ്ടായിരുന്ന എല്ലാവരും നിറഞ്ഞ കയ്യടികളോടെയാണ് ബൈൽസിനെ വരവേറ്റത്. മൊത്തം 14 പോയിന്റുകൾ നേടി ബൈൽസ് വെങ്കലം നേടിയപ്പോൾ ചൈനയുടെ 16 കാരിയായ ഗുവാൻ ചെഞ്ചൻ സ്വർണവും മറ്റൊരു ചൈനീസ് താരം താങ് ഷിങ് വെള്ളിയും നേടി. തിരിച്ചു വരവിൽ ബൈൽസിനെ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാക് അടക്കമുള്ള പ്രമുഖർ പ്രകീർത്തിച്ചു.