ടോക്കിയോ ഒളിമ്പിക്‌സിനു കടുത്ത വെല്ലുവിളി ഉയർത്തി കോവിഡ് കേസുകൾ വീണ്ടും സ്ഥിരീകരിക്കുന്നു. ഒളിമ്പിക്സ് ഉത്ഘാടനത്തിനു ഇടയിൽ ആണ് ജർമ്മൻ പുരുഷ സൈക്കിളിസ്റ്റ് ആയ സൈമൺ ഗോസ്ചെകക്ക് കോവിഡ് സ്ഥിരീകരിച്ചത് ആയി ജർമ്മൻ ഒളിമ്പിക് സ്പോർട്സ് ഫെഡറേഷൻ അറിയിച്ചത്. ഒളിമ്പിക് ഗ്രാമത്തിനു പുറത്തുള്ള ഹോട്ടലിൽ ആയിരുന്നു താരം താമസിച്ചിരുന്നത്. ഇതോടെ ഇന്ന് നടക്കേണ്ട സൈക്കിളിംഗ് ടീം ഇനത്തിൽ താരത്തിന് പങ്കെടുക്കാൻ ആവില്ല.
ഹോട്ടലിൽ സൈമണിന് ഒപ്പം 12 ജർമ്മൻ താരങ്ങളും താമസിക്കുന്നുണ്ടായിരുന്നു, ഇവരെല്ലാം കോവിഡ് നെഗറ്റീവ് ആയിട്ടാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവർക്ക് ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു. നിലവിൽ ഇതിനകം കരാർ പണിക്കാർ, വളണ്ടിയർമാർ, അധികൃതർ, താരങ്ങൾ, പരിശീല അംഗങ്ങൾ തുടങ്ങിയവർ അടക്കം 110 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്ഘാടന ചടങ്ങിന് ശേഷം ഇന്ന് മുതൽ ആരംഭിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾക്ക് മേൽ ഒരു കരി നിഴലായി തുടർന്നും കോവിഡ് ഉണ്ടാവും എന്ന വ്യക്തമായ സൂചന തന്നെയാണ് ഇതെല്ലാം നൽകുന്നത്.