ഭാരോദ്വഹനത്തിൽ ഒളിമ്പിക് വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ആയി മാറിയ മീരഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം. മുൻ ഒളിമ്പിക് ജേതാക്കൾ, കായിക താരങ്ങൾ തുടങ്ങി പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, സിനിമ താരങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നീ സകല നിലയിലും പ്രസിദ്ധരും അല്ലാത്തവരും ആയവർ താരത്തിനെ പ്രകീർത്തിച്ചു രംഗത്ത് വന്നു. ചാനു ഇന്ത്യക്കാർക്ക് പ്രചോദനം ആവുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ചാനുവിന് പുറമെ മറ്റ് താരങ്ങൾ കൂടി മെഡൽ നേടട്ടെ എന്ന പ്രത്യാശ കേരള മുഖ്യമന്ത്രി പങ്ക് വച്ചു.
മുൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും താരത്തെ അഭിനന്ദിച്ചു രംഗത്ത് വന്നു. വരും തലമുറക്ക് വലിയ പ്രചോദനം ആവും ചാനു എന്നു കുറിച്ച ബ്രിന്ദ്ര താരത്തിന്റെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം ആണ് ഈ നേട്ടം എന്നും പറഞ്ഞു. ഇങ്ങനെ ആളുകളെ ഒന്നിപ്പിക്കാൻ സാധിക്കുന്നത് ആണ് കായിക രംഗത്തെ മഹത്വം എന്നും ബിന്ദ്ര കൂട്ടിച്ചേർത്തു. താരത്തിന് ഭാവിയിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു. ആദ്യ ദിനം തന്നെ വന്ന മെഡൽ നേട്ടം തുടർന്നും ഇന്ത്യൻ താരങ്ങൾക്ക് വലിയ പ്രചോദനം ആവുമെന്ന പ്രതീക്ഷയിൽ ആണ് ഇന്ത്യൻ ആരാധകർ. മീരഭായ് ചാനുവിനു ഫാൻപോർട്ടും അഭിനന്ദനങ്ങൾ നേരുന്നു.