‘തന്നെ വിശ്വസിച്ച് ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് ഒരുപാട് നന്ദി’ ~ മീരഭായ്‌ ചാനു

Mirabaichanu2

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിൽ സന്തോഷം പങ്ക് വച്ചു മീരഭായ്‌ ചാനു. 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്നാച്ചിൽ 87 കിലോഗ്രാമും ക്‌ളീൻ ആൻഡ് ജർക്കിൽ 115 കിലോഗ്രാമും ഉയർത്തിയാണ് മണിപ്പൂരിൽ നിന്നുള്ള ഇന്ത്യൻ താരം വെള്ളിമെഡൽ നേടി ചരിത്രം എഴുതിയത്. കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വച്ചു താരം. ഒപ്പം തന്റെ നേട്ടം രാജ്യത്തിനു സമർപ്പിച്ച താരം തന്നിൽ വിശ്വസിച്ചു ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

ഒപ്പം കായിക മന്ത്രാലയം, ഫെഡറേഷൻ എന്നിവർക്ക് ഒപ്പം തന്റെ പരിശീലകൻ വിജയ് ശർമ്മക്കും താരം പ്രത്യേകം നന്ദി പറഞ്ഞു. പ്രതീക്ഷയോടെ നോക്കുന്ന രാജ്യത്തിനു ഒന്നാകെ ഈ മെഡൽ സമ്മാനിക്കാൻ ആയതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. ചെറിയ സമ്മർദ്ദവും ആശങ്കയും തനിക്ക് ഉണ്ടായിരുന്നു എങ്കിലും മികച്ച പ്രകടനം നടത്താൻ താൻ ഉറച്ചിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. താൻ വളരെയധികം ഇതിനായി പരിശ്രമിച്ചിട്ടുണ്ട് എന്നും താൻ ഒരുപാട് വിയർപ്പ് ഇതിനായി ഒഴുക്കിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ നേട്ടം ആണിത് മുമ്പ് കർണം മല്ലേശ്വരി ഇന്ത്യക്ക് ആയി ഭാരോദ്വഹനത്തിൽ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയിരുന്നു.

Previous articleഅതിഗംഭീര തിരിച്ചുവരവുമായി സുതീര്‍ത്ഥ മുഖര്‍ജ്ജി, ആവേശപ്പോരിനൊടുവിൽ വിജയം
Next articleഒളിമ്പിക് വെള്ളി മെഡൽ നേട്ടത്തിന് പുറകെ മീരഭായ്‌ ചാനുവിന് അഭിനന്ദന പ്രവാഹം