ഭാരോദ്വഹനത്തിൽ ചൈനീസ് ആധിപത്യം, ഏഴു സ്വർണ നേട്ടം! ഒളിമ്പിക് റെക്കോർഡ് നേടി ലി!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഭാരോദ്വഹനത്തിൽ വലിയ ആധിപത്യം പുലർത്തി ചൈന. ടോക്കിയോയിൽ ഏഴു സ്വർണം ആണ് ഭാരോദ്വഹനത്തിൽ മാത്രം നേടിയത്. ഇതോടെ 1976 ൽ സോവിയറ്റ് യൂണിയൻ നേടിയ അത്ര തന്നെ സ്വർണം ഭാരോദ്വഹനത്തിൽ നേടി ആ റെക്കോർഡിനു ഒപ്പം എത്താൻ അവർക്ക് സാധിച്ചു. ഇന്ന് മാത്രം ഭാരോദ്വഹനത്തിൽ രണ്ടു സ്വർണം നേടാൻ ചൈനക്ക് ആയി. ഇതോടെ ഈ ഇനത്തിൽ മാത്രം അവർ സ്വർണ നേട്ടം 7 ആക്കി ഉയർത്തി.

വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിൽ 21 കാരിയായ ലി വെൻവൻ അനായാസം ഒളിമ്പിക് റെക്കോർഡ് പഴയ കഥയാക്കി. സ്നാച്ചിൽ തന്റെ അവസാന ശ്രമത്തിൽ 140 കിലോഗ്രാം ഉയർത്തിയ ഒളിമ്പിക് റെക്കോർഡ് ഇട്ട താരം ക്ളീൻ ആന്റ് ജെർക്കിൽ 180 കിലോഗ്രാം ഉയർത്തി മറ്റൊരു ഒളിമ്പിക് റെക്കോർഡും കുറിച്ചു. ആകെ 320 കിലോഗ്രാം ഉയർത്തിയ താരത്തിനു തന്റെ തന്നെ ലോക റെക്കോർഡ് മറികടക്കാൻ ആയില്ലെങ്കിലും അനായാസം ഒളിമ്പിക് റെക്കോർഡ് മറികടക്കാൻ സാധിച്ചു. വെള്ളി നേടിയ ബ്രിട്ടീഷ് താരത്തെക്കാൾ 37 കിലോഗ്രാം ആണ് ലി കൂടുതൽ ഉയർത്തിയത് എന്നു അറിയുമ്പോൾ ആണ് ചൈനീസ് താരത്തിന്റെ ആധിപത്യം എത്രത്തോളം ആണെന്ന് മനസ്സിലാവുക.