ജീനിയാക് ആന്ദ്രെ പിയേറെ എന്ന താരത്തിന്റെ മികവ് എത്ര മാത്രമാണെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ആരാധകരെ ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ച മത്സരമായിരുന്നു ഇന്ന് ഒളിംപിക്സിൽ കണ്ടത്. ഇന്ന് ദക്ഷിണാഫ്രിക്കയെ മറികടക്കാൻ ഫ്രാൻസിനായത് ജിനിയാക്കിന്റെ പ്രകടനം കൊണ്ടായിരുന്നു. 4-3ന് ഫ്രാൻസ് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി ക്യാപ്ന്റെ റോൾ ജീനിയാക് ഭംഗിയാക്കി. 35കാരനായ താരം മുന്നിൽ നിന്ന് യുവനിരയെ നായിക്കുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിൽ മൂന്ന് തവണ ഫ്രാൻസ് പിറകിൽ പോയപ്പോഴും സമനില പിടിക്കാൻ ജിനിയാക്കിന്റെ ഗോൾ വേണ്ടി വന്നു. 53ആം മിനുട്ടിൽ കോഡിസംഗിന്റെ ഗോളിൽ നിന്നായിരുന്നു ആദ്യം ദക്ഷിണാഫ്രിക്ക ലീഡ് എടുത്തത്. 59ആം മിനുട്ടിൽ ജീനിയാക് ഗോൾ മടക്കി.
പിന്നാലെ 73ആം മിനിറ്റിലും 82ആം മിനിറ്റിലും മൊക്കെയെന്ന ദക്ഷിണാഫ്രിക്കക്ക് ലീഡ് കൊടുത്തു. രണ്ടു തവണയും ഫ്രഞ്ച് ക്യാപ്റ്റൻ സമനില വാങ്ങികൊടുക്കുകയും ചെയ്തു. 78ആം മിനിറ്റിലും 86ആം മിനിറ്റിലും ആയിരുന്നു ഹാട്രിക്ക് തികച്ച ജീനിയാക്കിന്റെ ഗോളുകൾ. 93ആം മിനുട്ടിൽ സവനിയർ ഫ്രാൻസിന്റെ വിജയ ഗോളും നേടി. 85ആം മിനുട്ടിൽ 3-2ന് മുന്നിട്ടു നിന്ന ശേഷമുള്ള തോൽവി ദക്ഷിണാഫ്രിക്കക്ക് ക്ഷീണമാകും. അവരുടെ ഗ്രൂപ്പിലെ രണ്ടാം തോൽവിയാണിത്. ഫ്രാൻസും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു.