വംശീയാധിക്ഷേപത്തെ തുടർന്ന് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് ജർമ്മൻ ഒളിമ്പിക് ഫുട്ബോൾ ടീം. ഒളിമ്പിക്സിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിലാണ് വംശീയാധിക്ഷേപത്തെ തുടർന്ന് ജർമ്മൻ ടീം കളം വിട്ടത്. 1-1 സമനിലയിൽ നിൽക്കെ ജർമ്മൻ പ്രതിരോധ താരം ജോർദാൻ ടോറുനരിങ്കയെക്കെതിരായ വംശീയാധിക്ഷേപത്തെ തുടർന്നാണ് മത്സരം അവസാനിപ്പിച്ചത്. അടുത്ത ആഴ്ച്ച ഒളിമ്പിക്സിൽ ഇറങ്ങുന്നതിന് മുന്നോടിയായിട്ടാണ് ജർമ്മൻ ടീം സൗഹൃദമത്സരം കളിച്ചത്.
ജപ്പാനിലെ വകയമയിൽ നടന്ന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. ഹോണ്ടുറാസ് താരമാണ് ജർമ്മൻ യുവതാരത്തെ വംശീയമായി അധിക്ഷേപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മൻ ടീം കളം വിട്ടതിന് ശേഷം ഹോണ്ടുറാസ് താരങ്ങൾ ജോർദാനുമായി സംസാരിച്ചിരുന്നു. അതേ സമയം വംശീയാധിക്ഷേപമല്ല ചില തെറ്റിദ്ധാരണകളാണ് ഉണ്ടായതെന്ന് ഹോണ്ടുറാസ് എഫ്.എ പ്രെസ്സ് റിലീസ് ഇറക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ജോർദാന് വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നത്. ഹെർത്ത ബെർലിൻ താരമായ ജോർദാന് ഷാൽകെ ആരാധകരിൽ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.