ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിൽ സ്വീഡന്റെ ഗംഭീര പ്രകടനം തുടരുന്നു. ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അമേരിക്കയെ തകർത്ത സ്വീഡൻ എന്ന കരുത്തരായ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൽക്കായിരുന്നു ഇന്നത്തെ സ്വീഡന്റെ വിജയം. ആവേശകരമായിരുന്നു ഇന്നത്തെ മത്സരം. തുടക്കത്തിൽ 20ആം മിനുട്ടിൽ റോൾഫോയിലൂടെ സ്വീഡൻ ലീഡ് എടുത്തു. എന്നാൽ ശക്തമായി തിരിച്ചടിച്ച ഓസ്ട്രേലിയ ചെൽസി താരം സാം കെറിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ ലീഡിൽ എത്തി. 36ആം മിനിറ്റിലും 48ആം മിനിറ്റിലും ആയിരുന്നു കെറിന്റെ ഗോളുകൾ. എന്നാൽ സ്വീഡൻ തളർന്നില്ല. 52ആം മിനുട്ടിൽ ഹർട്ടിംഗ് സ്വീഡന് സമനില വാങ്ങിക്കൊടുത്തു. 63ആം മിനുട്ടിൽ വീണ്ടും റോൾഫോയുടെ ഗോളിൽ സ്വീഡൻ മുന്നിൽ എത്തി.82ആം മിനുറ്റിലെ ബ്ലാക് സ്റ്റിനിയസിന്റെ ഗോൾ സ്വീഡൻ വിജയം ഉറപ്പിക്കുകയും ചെയ്തു. രണ്ടു വിജയങ്ങളോടെ സ്വീഡൻ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇനി അവസാന മത്സരത്തിൽ ന്യൂസിലാൻഡ് ആകും സ്വീഡന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ വീഴ്ത്തിയ ഓസ്ട്രേലിയ്ക്ക് ഇപ്പോഴും ക്വാർട്ടർ സാധ്യത ബാക്കിയുണ്ട്.