രാജസ്ഥാനെതിരെ വിജയവുമായി സൺറൈസേഴ്സ്

രാജസ്ഥാനെതിരെ 229 റൺസ് ചേസ് ചെയ്ത് വിജയം കുറിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ഇഷാന്‍ കിഷന്‍ – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റെഡ്ഢി – ഹെയിൻറിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ടാണ് നിര്‍ണ്ണായക കൂട്ടുകെട്ടുമായി സൺറൈസേഴ്സിന്റെ വിജയം സാധ്യമാക്കിയത്. 18.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് വിജയം കരസ്ഥമാക്കിയത്.

ആദ്യ ഓവറിൽ ധ്രുവ് ജുറേൽ ട്രാവിസ് ഹെഡിന്റെ ക്യാച്ച് കളഞ്ഞുവെങ്കിലും അതേ ഓവറിൽ താരത്തെ പുറത്താക്കി ജോഫ്ര രാജസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നൽകി. ഹെഡ് പുറത്തായ ശേഷം ഇഷാനും അഭിഷേകും ചേര്‍ന്ന് അതിവേഗ സ്കോറിംഗുമായി ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 89 റൺസാണ് സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

55 പന്തിൽ 132 റൺസാണ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 29 പന്തിൽ 57 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ ഡൊണോവന്‍ ഫെരൈര ആണ് പുറത്താക്കിയത്. അഭിഷേക് പുറത്താകുമ്പോള്‍ 10 ഓവറിൽ 139 റൺസായിരുന്നു സൺറൈസേഴ്സ് നേടിയത്.
31 പന്തിൽ 74 റൺസുമായി അപകടകാരിയായി മാറുകയായിരുന്ന ഇഷാന്‍ കിഷനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് വലിയൊരു ബ്രേക്ക്ത്രൂ നൽകിയപ്പോള്‍ ക്ലാസ്സനും നിതീഷ് റെഡ്ഡിയും അവസാന ആറോവറിലെ ലക്ഷ്യം 49 റൺസാക്കി മാറ്റുകയായിരുന്നു.
ജോഫ്രയെ 15ാം ഓവറിന് രാജസ്ഥാന്‍ നിയോഗിച്ചപ്പോള്‍ നിതീഷ് റെഡ്ഡിയുടെ ഒരവസരം താരം സൃഷ്ടിച്ചുവെങ്കിലും ബ്രിജേഷ് ശര്‍മ്മ അവസരം നഷ്ടപ്പെടുത്തി. 31 പന്തിൽ 53 റൺസ് നേടിയ നിതീഷ് റെഡ്ഢി – ക്ലാസ്സന്‍ കൂട്ടുകെട്ടിനെ ബ്രിജേഷ് ശര്‍മ്മ തകര്‍ത്തപ്പോളേക്കും രാജസ്ഥാന് കാര്യങ്ങള്‍ ഏറെ വൈകിപ്പോയിരുന്നു.
36 റൺസ് നേടിയ നിതീഷ് റെഡ്ഢിയ്ക്ക് പുറമെ 29 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സനെയും പുറത്താക്കി ബ്രിജേഷ് ശര്‍മ്മ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. എന്നാൽ സലീല്‍ അറോറ നാന്‍ഡ്രേ ബര്‍ഗറെ സിക്സര്‍ പറത്തി 18.3 ഓവറിൽ സൺറൈസേഴ്സിന്റെ വിജയം സാധ്യമാക്കി.