Indian Premier LeagueCricketFeatured

ലക്നൗവിനെ 164 റൺസിലൊതുക്കി ഗുജറാത്ത് ടൈറ്റന്‍സ്, പ്രസിദ്ധ് കൃഷ്ണയ്ക്ക് 4 വിക്കറ്റ്

Prasidhkrishna

ഐപിഎലില്‍ ഇന്ന് ആദ്യത്തെ മത്സരത്തിൽ 164 റൺസിൽ ലക്നൗവിനെ ഒതുക്കി ഗുജറാത്ത് ടൈറ്റന്‍സ്. പ്രസിദ്ധ് കൃഷ്ണ 4 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ ഈ സ്കോര്‍ നേടിയത്.

Gujaratitans

രണ്ടാം ഓവറിൽ മാര്‍ഷിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 14 റൺസായിരുന്നു ലക്നൗ നേടിയത്. അവിടെ നിന്ന് 31 റൺസ് കൂട്ടിചേര്‍ത്ത് ഋഷഭ് പന്ത് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും പന്തിനെ സിറാജ് പുറത്താക്കി ഈ കൂട്ടകെട്ട് തകര്‍ത്തു.

മിച്ചൽ മാര്‍ഷ് (11), ഋഷഭ് പന്ത് എന്നിവര്‍ പുറത്തായ ശേഷം 30 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയും ലക്നൗവിന് നഷ്ടമായപ്പോള്‍ 69/3 എന്ന നിലയിലായിരുന്നു ടീം. പവര്‍പ്ലേയിൽ 60 റൺസാണ് ടീം നേടിയത്. മാര്‍ക്രത്തെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ ആയുഷ് ബദോനിയെയും പുറത്താക്കിയതോടെ ലക്നൗവിന്റെ നാലാം വിക്കറ്റ് നഷ്ടമായി. 74/4 എന്ന നിലയിലായിരുന്നു ആ സമയത്ത് ലക്നൗ.

Prasidhkrishna2

നിക്കോളസ് പൂരന്‍ അബ്ദുള്‍ സമദ് കൂട്ടുകെട്ട് 35 റൺസ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ടും പ്രസിദ്ധ് തകര്‍ത്തു. 19 റൺസാണ് നിക്കോളസ് പൂരന്‍ നേടിയത്. അവസാന ഓവറുകളിൽ മുകുൽ ചൗധരി അതിവേഗ സ്കോറിംഗ് നടത്തുമെന്ന് കരുതിയെങ്കിലും പ്രസിദ്ധ് കൃഷ്ണ താരത്തെയും പുറത്താക്കി 18 റൺസാണ് മുകുൽ നേടിയത്.

എട്ടാം വിക്കറ്റിൽ മൊഹമ്മദ് ഷമിയും ജോര്‍ജ്ജ് ലിന്‍ഡേയും ചേര്‍ന്ന് നേടിയ 26 റൺസാണ് ലക്നൗവിനെ 150 റൺസ് കടക്കുവാന്‍ സഹായിച്ചത്. ലിന്‍ഡേ 16 റൺസ് നേടി പുറത്തായപ്പോള്‍ ഷമി 12 റൺസുമായി പുറത്താകാതെ നിന്നു.

പ്രസിദ്ധിന് പുറമെ 2 വിക്കറ്റ് നേടി അശോക് ശര്‍മ്മയും ഗുജറാത്തിനായി തിളങ്ങി.