Indian Premier LeagueCricketFeatured

വാങ്കഡേയിൽ റൺമഴയുമായി കൊൽക്കത്ത, 220 റൺസ്

Ajinkya

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് മികവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പം അംഗകൃഷ് രഘുവംശിയും ഫിന്‍ അല്ലനും മികവ് പുലര്‍ത്തിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് കൊൽക്കത്ത നേടിയത്.

മിന്നും തുടക്കമാണ് കൊൽക്കത്ത ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. രഹാനെയും ഫിന്‍ അല്ലനും അടിച്ച് തകര്‍ത്തപ്പോള്‍ ആദ്യ വിക്കറ്റിൽ ഈ കൂട്ടുകെട്ട് 69 റൺസാണ് നേടിയത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ 17 പന്തിൽ 37 റൺസ് നേടിയ ഫിന്‍ അല്ലനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത്. പവര്‍പ്ലേയിൽ 78 റൺസാണ് 1 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത്.

Shardulthakur

രഹാനെയും കാമറൺ ഗ്രീനും രണ്ടാം വിക്കറ്റിൽ 40 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഈ കൂട്ടുകെട്ടും ശര്‍ദ്ധുൽ തന്നെ തകര്‍ത്തു. 18 റൺസ് നേടിയ ഗ്രീനിനെ പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ തന്റെ അര്‍ദ്ധ ശതകം 27 പന്തിൽ നിന്ന് അജിങ്ക്യ രഹാനെ പൂര്‍ത്തിയാക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിൽ 120 റൺസാണ് നേടിയത്.

40 പന്തിൽ 67 റൺസ് നേടിയ അജിങ്ക്യ രഹാനെയെയും പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. രഹാനെ പുറത്താകുമ്പോള്‍ കെകെആര്‍ 145/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ അംഗ്കൃഷ് രഘുവംശിയും റിങ്കു സിംഗും തകര്‍ത്താടിയപ്പോള്‍ കൊൽക്കത്ത 200 കടന്ന് മുന്നോട്ട് പോയി. ഈ കൂട്ടുകെട്ട് 30പന്തിൽ നിന്ന് 60 റൺസാണ് നേടിയത്.

29 പന്തിൽ 51 റൺസ് നേടിയ രഘുവംശിയെ ഹാര്‍ദ്ദിക് പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. റിങ്കു സിംഗ് 21 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു.