സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ പ്രതീക്ഷയില്‍ കേരളം

Newsroom

Picsart 24 07 23 17 33 17 035
Download the Fanport app now!
Appstore Badge
Google Play Badge 1
  • ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കേരള വനിതാ ടീം. ഗ്രൂപ്പില്‍ രണ്ടാമത്.

  • തോല്‍വി അറിയാതെ പുരുഷ ടീം, ഫൈനലിലെത്താന്‍ വേണ്ടത് ഒരു പോയിന്റ്

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിന്റെ നാലാം മത്സരത്തില്‍ കേരളാ വനിതകള്‍് തെലുങ്കാനയെ പരാജയപ്പെടുത്തി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തെലുങ്കാനയെ തോല്‍പ്പിച്ചത്. കേരള പുരുഷ ടീം തോല്‍വി അറിയാതെ മുന്നോട്ട്. നാലാം മത്സരത്തില്‍ കേരളം ആന്ധാപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് ഫൈനല്‍ യോഗ്യതയ്ക്ക് അരിക്കെയെത്തി. കേരളത്തിനായി ലക്‌റ ആദിത്യയും ബഹല സൂരജും ഇരട്ടഗോള്‍ നേടി. ലക്‌റ ആദിത്യയാണ് മത്സരത്തിലെ താരം.

Picsart 24 07 23 17 31 20 148

നാല് മത്സരങ്ങളില്‍ നിന്നായി കേരളത്തിന് 12 പോയിന്റാണ് ഉള്ളത്. വ്യാഴാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ കേരളം തെലുങ്കാനയെ നേരിടും. പുരുഷ ടീമിന് യോഗ്യത നേടാന്‍ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുമായി കേരളത്തിന്റെ ബഹല സൂരജാണ് ടോപ് സ്‌കോറര്‍. പുതുച്ചേരിയുടെ നിതീശ്വരനും ഒമ്പത് ഗോളാണ്.

കേരളാ വനിതകള്‍ വിജയത്തോടെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാടിനും ഒമ്പത് പോയിന്റൊണ്. ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് കേരളം രണ്ടാമത് എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ആന്ധാപ്രദേശ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്. കേരളത്തിന് വേണ്ടി പരമേശ്വരി പിനത്തോള്ളയും അഭയ ജോതിയും ഇരട്ട ഗോള്‍ നേടി. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍ നേടിയ പരമേശ്വരി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത് എത്തി. തമിഴ്‌നാടിന്റെ ജോവിനയും ആന്ധ്രാപ്രദേശിന്റെ മധുരിമ ഭായിയും എട്ട് ഗോള്‍ വീതം നേടിയിട്ടുണ്ട്. പരമേശ്വരിയാണ് മത്സരത്തിലെ താരം. വ്യാഴാഴ്ച നടക്കുന്ന അവസാന നിര്‍ണായക മത്സരത്തില്‍ കേരളം ഗ്രൂപ്പിലെ കരുത്തരായ ആന്ധ്രാപ്രദേശിനെ നേരിടും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കേരള വനിതകള്‍ക്ക് വിജയം അനിവാര്യമാണ്.

Picsart 24 07 23 17 31 53 488

വനിതകളുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയ്ക്ക് വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പതുച്ചേരിയെയാണ് കര്‍ണാടക തോല്‍പ്പിച്ചത്. കര്‍ണാടകയ്ക്ക് വേണ്ടി പെര്‍ലിന്‍ പൊന്നമ്മ നാല് ഗോള്‍ നേടി. പെര്‍ലിനാണ് മത്സരത്തിലെ താരം. ഗ്രൂപ്പിലെ ശക്തര്‍ തമ്മിലുള്ള മറ്റൊരു മത്സരത്തില്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ആന്ധ്രാ പ്രദേശ്. ടൂര്‍ണമെന്റി ആദ്യമായി ആണ് ആന്ധ്രാ പ്രദേശ് വനിതാ ടീം ഗോള്‍ വഴങ്ങുന്നത്. ആന്ധ്രാപ്രദേശിന് വേണ്ടി മധുരിമ ഭായ് ഇരട്ടഗോള്‍ നേടി. കനിമൊഴിയുടെ വകയായിരുന്നു തമിഴ്‌നാടിന്റെ ആശ്വാസ ഗോള്‍. ആന്ധ്രാ പ്രദേശിന്റെ മധുരിമ ഭായിയാണ് മത്സരത്തിലെ താരം.

പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പുതുച്ചേരി തെലുങ്കാനയെ തോല്‍പ്പിച്ചു. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച കലൈമുധനാണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തമിഴ്‌നാട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് തമിഴ്‌നാട് അഞ്ച് ഗോള്‍ നേടിയത്. തമിഴ്‌നാടിനായി രഞ്ജിത്ത് ഹാട്രിക്ക് ഗോള്‍ നേടി. തമിഴ്‌നാട് ക്യാപ്റ്റന്‍ ബാലസുന്ദറാണ് മത്സരത്തിലെ താരം.

നാളെ (ബുധന്‍) മത്സരം ഉണ്ടായിരിക്കുന്നതല്ല