ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം, രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കെതിരെ ഗോള്‍ മഴയുമായി നെതര്‍ലാണ്ട്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ രണ്ട് ക്വാര്‍ട്ടറിലും ഉരുക്കു മതിലായി നിന്ന് ഇന്ത്യയുടെ പ്രതിരോധത്തിനെയും ഗോള്‍ കീപ്പര്‍ സവിതയെയും രണ്ടാം പകുതിയിൽ ഗോളുകളിൽ മുക്കി നെതര്‍ലാണ്ട്സ് പട. കരുത്തരായ നെതര്‍ലാണ്ട്സിനെ പിടിച്ചുകെട്ടാനാകുമെന്ന ഇന്ത്യയുടെ പ്രതീക്ഷ മൂന്നാം ക്വാര്‍ട്ടറില്‍ വീണ മൂന്ന് ഗോളുകള്‍ തകര്‍ത്തെറിയുകയായിരുന്നു.

ആ തിരിച്ചടിയിൽ നിന്ന് കരകയറാനാകാതെ ഇന്ത്യ മത്സരത്തിൽ 5-1ന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. അവസാന ക്വാര്‍ട്ടറിൽ ഒരു ഗോള്‍ ഉള്‍പ്പെടെ നാല് ഗോള്‍ ആണ് നെതര്‍ലാണ്ട്സ് രണ്ടാം പകുതിയിൽ നേടിയത്.

ആദ്യ ക്വാര്‍ട്ടറിൽ തന്നെ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. നെതര്‍ലാണ്ട്സ് ആറാം മിനുട്ടിൽ ഫെലിസ് ആല്‍ബേഴ്സിലൂടെ ലീഡ് നേടിയപ്പോള്‍ പത്താം മിനുട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി റാണി രാംപാൽ ഗോള്‍ മടക്കി.

രണ്ടാം ക്വാര്‍ട്ടറിൽ ഇന്ത്യയുടെ മികച്ച പ്രതിരോധം ഭേദിക്കുവാന്‍ നെതര്‍ലാണ്ട്സ് പാടുപെടുന്നതാണ് കണ്ടത്. ഡിഫന്‍സും ഗോള്‍കീപ്പര്‍ സവിതയും ഉരുക്കു കോട്ടയായി നിന്നപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിൽ ഗോള്‍ നേടുവാന്‍ നെതര്‍ലാണ്ട്സിന് സാധിച്ചില്ല.

Indiahockeywomen

രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ മാര്‍ഗോട്ട് വാന്‍ ഗെഫെന്‍ നെതര്‍ലാണ്ട്സിന് ലീഡ് നേടിക്കൊടുത്തു. 33ാം മിനുട്ടിലായിരുന്നു ഗോള്‍ പിറന്നത്. പെനാള്‍ട്ടി കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍.

മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ നെതര്‍ലണ്ട്സ് മൂന്നാം ഗോളും നേടിയപ്പോള്‍ ഇന്ത്യയുടെ സമനില പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. 43ാം മിനുട്ടിൽ ആല്‍ബേഴ്സ് ആണ് ഗോള്‍ സ്കോറര്‍. താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.

രണ്ട് മിനുട്ടിനുള്ളിൽ മട്ള നെതര്‍ലാണ്ട്സിന്റെ നാലാം ഗോളും നേടി. നാലാം ക്വാര്‍ട്ടറിൽ മൂന്ന് ഗോള്‍ വീണ ശേഷം നാലാം ക്വാര്‍ട്ടറിൽ 52ാം മിനുട്ടിൽ ജാക്ക്വലിന്‍ സിയ വാന്‍ മാസാക്കര്‍ മറ്റൊരു പെനാള്‍ട്ടി കോര്‍ണറിലൂടെ നെതര്‍ലാണ്ട്സിന്റെ അഞ്ചാം ഗോള്‍ നേടുകയായിരുന്നു.