കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിയില്‍ എസ് എസ് ബി (സശസ്ത്ര സീമാബല്‍)യ്ക്ക് ചണ്ഡീഗഢ് യൂക്കോബാങ്കാണ് എതിരാളി. കളിച്ച നാല് മത്സരങ്ങളും ജയിച്ച എസ് എസ് ബി 35 ഗോളുകളാണ് നേടിയത്. എസ് എസ് ബിയുടെ പ്രീതി സിമാറാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ആറ് ഗോള്‍വീതം നേടി എസ് എസ് ബിയുടെ തന്നെ രന്‍ജിത മിന്‍ജും മനീഷയുമാണ് തൊട്ടുപിന്നിലുള്ളത്. ഒത്തൊരുമയുള്ള പ്രകടനമാണ് ബി ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഇറങ്ങുന്ന എസ് എസ് ബിയുടെ കരുത്ത്. 9 ഗോളുകളാണ് പ്രീതിയുടെ പേരിലുള്ളത്.
വാശിയേറിയ മത്സരത്തില്‍ പാട്യാലയെ മറികടന്നാണ് യൂക്കോബാങ്ക് സെമിയിലെത്തിയത്. പ്രിയ സെയ്‌നി-രാധ സെയ്‌നി സഹോദരിമാരുടെ മിന്നും ഫോമാണ് ദീപ്തി ശര്‍മ ക്യാപ്ടനായ ടീമിന്റെ കരുത്ത്. പരിശീലകന്‍ ബല്‍റാജ് സോധിയുടെ മകള്‍ പൂജയും മധ്യനിരയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വൈകീട്ട് നാലിന് നടക്കുന്ന രണ്ടാം സെമിയില്‍ ബെംഗളുരു എസ് പി എസ് ബി(സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്)യുമായി ഏറ്റുമുട്ടും. നാല് മത്സരങ്ങളില്‍ നിന്നും ആകെ 17 ഗോളുകളാണ് എസ് പി എസ് ബി സ്‌കോര്‍ ചെയ്തത്.
മുംബൈയെ തോല്‍പിച്ച് സെമിയിലെത്തിയ എസ് പി എസ് ബി ടീം ടൂര്‍ണമെന്റില്‍ ഇതേവരെ തോല്‍വി അറിഞ്ഞിട്ടില്ല. മംമ്ത ഭട്ട് ക്യാപ്ടനായ ടീമീല്‍ ധവാല്‍ മനീഷയും ആകാംക്ഷ ശുക്ലയും ഉള്‍പ്പെടെ ഗോളടിമികവുള്ളവര്‍ ഏറെയുണ്ട്. ഗുജറാത്തിനെ തകര്‍ത്താണ് ബെംഗളുരു സെമിയിലെത്തിയത്.ഫെബ്രുവരി ഒന്നിന് വൈകീട്ട് നാലിനാണ് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം. അന്നേ ദിവസം രണ്ട് മണിക്ക് ലൂസേഴ്‌സ് ഫൈനല്‍ നടക്കും.