കൊല്ലം ; ദേശീയ സീനിയര്‍ വനിതാ എ ഡിവിഷന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഹോക്കി ഹിമാചല്‍ പുറത്ത്. ഹിമാചലിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഹോക്കി മധ്യപ്രദേശ് പൂള്‍ എയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാല് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുള്ള മധ്യപ്രദേശ് ഒഡീഷയെ ഗോള്‍ ശരാശരിയില്‍ പിന്നിലാക്കിയാണ് പൂള്‍ എ ജേതാക്കളായത്.
ഹോക്കി മധ്യപ്രദേശിനായി കരിഷ്മ സിങ് രണ്ട് ഗോള്‍ നേടി. ആകാന്‍ഷ സിങ്, മനീഷ ചൗഹാന്‍ എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍. ടൂര്‍ണമെന്റിലെ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്ന കരിഷ്മ സിങ്ങിന്റെ ആകെ ഗോള്‍ നേട്ടം ഏഴായി. രാവിലെ ഒന്‍പത് മണിക്ക് പൂള്‍ മത്സരങ്ങളിലെ തന്നെ അതിവാശിയേറിയ പോരാട്ടം രാവിലെ ഒന്‍പതിന് നടക്കും. പൂള്‍ ബിയില്‍ ഹരിയാനയും സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഏറ്റുമുട്ടും.വിജയിക്കുന്ന ടീം പൂള്‍ ബിയിലെ ജേതാക്കളായി ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കും. പൂള്‍ സിയിലും പൂള്‍ ഡിയിലും ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തിനായി ത്രില്ലര്‍ മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് ഇന്ന് വൈകീട്ട് അറിയാം.