ഏകപക്ഷീയമായ വിജയത്തോടെ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ രണ്ടാം സെമിയിൽ ജപ്പാനെതിരെ ഇന്ത്യ 5-0 എന്ന സ്കോറിനാണ് വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെതിരെ അവസരങ്ങൾ മുതലെടുക്കാതിരുന്നതിന്റെ സങ്കടം എല്ലാം ഇന്ത്യ ഇന്ന് ഫൈനലിൽ തീർത്തു.
ആകാശ്ദീപ് സിംഗ് ഒരു ഫീൽഡ് ഗോൾ നേടി ഇന്ത്യയെ 1-0ന് ആദ്യ പാദത്തിൽ തന്നെ മുന്നിലെത്തിച്ചു. ഹർമൻപ്രീത് സിങ്ങിന്റെ മികച്ച ഡ്രാഗ് ഫ്ലിക്കിൽ ആതിഥേയർ ലീഡ് ഇരട്ടിയാക്കി. പിന്നീട്, മൻപ്രീത് സിങ്ങിന്റെ അദ്ഭുതകരമായ ഹിറ്റ് മൻദീപ് സിങ്ങിന്റെ സ്റ്റിക്കിൽ സ്പർശിച്ച് പോസ്റ്റിലേക്ക് പ്രവേശിച്ച് ഇന്ത്യ 3-0ന്റെ ലീഡ് എടുത്തു.
മൂന്നാം പാദത്തിൽ മാന്ത്രിക ഗോളിലൂടെ സുമിത് ഇന്ത്യയെ 4-0ന് എത്തിച്ചു. അവസാന പാദത്തിൽ കാർത്തി സെൽവം കൂടെ ഗോൾ നേടിയതോടെ ഇന്ത്യ 5-0ന്റെ വിജയം പൂർത്തിയാക്കി. ഫൈനലിൽ ഇന്ത്യ ഇനി മലേഷ്യയെ ആകും നേരിടുക.