FIH പ്രൊലീഗിൽ ന്യൂസിലാണ്ടിനെതിരെ വിജയം നേടി ഇന്ത്യ. ഇന്ന് ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ആദ്യ മിനുട്ടിൽ സൈമൺ ചൈൽഡ് നേടിയ ഗോളിലൂടെ ന്യൂസിലാണ്ട് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും മത്സരം 7-4 എന്ന സ്കോറിന് ഇന്ത്യ വിജയിച്ചു.
ചൈൽഡിന്റെ ഗോളിന് ശേഷം ആറാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചപ്പോള്‍ എട്ടാം മിനുട്ടിൽ സാം ലെയിന്‍ വീണ്ടും ന്യൂസിലാണ്ടിന് മേൽക്കൈ നേടിക്കൊടുത്തു.
13ാം മിനുട്ടിൽ ജേക്ക് സ്മിത്ത് ന്യൂസിലാണ്ടിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയെങ്കിലും പിന്നീട് മത്സരത്തിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 16ാം മിനുട്ടിൽ കാര്‍ത്തി സെൽവം ഇന്ത്യയ്ക്കായി ഗോള്‍ മടക്കിയപ്പോള്‍ 18ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സ്കോറുകള്‍ ഒപ്പമെത്തിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും മൂന്ന് വീതം ഗോളുകളാണ് നേടിയത്.
മൂന്നാം ക്വാര്‍ട്ടറിൽ രാജ് കുമാര്‍ പാലും കാര്‍ത്തി സെൽവവും ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിയപ്പോള്‍ 49ാം മിനുട്ടിൽ സുഖ്ജീത്ത് സിംഗും 52ാം മിനുട്ടിൽ ജുഗ്രാജ് സിംഗും ഇന്ത്യയെ വലിയ ലീഡിലേക്ക് നയിച്ചു. 53ാം മിനുട്ടിൽ നിക് വുഡ്സ് ന്യൂസിലാണ്ടിനായി ഒരു ഗോള്‍ കൂടി നേടിയെങ്കിലും പിന്നീട് ഗോള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം ഇന്ത്യ സ്വന്തമാക്കി.