ഫോർമുല വൺ കനേഡിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കരിയറിലെ 41 മത്തെ റേസ് ജയം കുറിച്ച ഡച്ച് ഡ്രൈവർ ഇതോടെ റേസ് ജയങ്ങളിൽ ഇതിഹാസ ബ്രസീലിയൻ ഡ്രൈവർ ആര്യറ്റൻ സെന്നയുടെ റെക്കോർഡിന് ഒപ്പം എത്തി. നിലവിൽ അലയിൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ, മൈക്കിൾ ഷുമാർക്കർ, ലൂയിസ് ഹാമിൾട്ടൻ എന്നിവർ മാത്രമാണ് വെർസ്റ്റാപ്പനു മുന്നിൽ ഉള്ളത്. റെഡ് ബുള്ളിനു ഇത് നൂറാം റേസ് ജയം കൂടിയായിരുന്നു. സീസണിൽ എട്ടാമത്തെ റേസിൽ ആറാമത് എണ്ണവും ജയിച്ച വെർസ്റ്റാപ്പൻ നിലവിൽ ഫോർമുല വൺ ടേബിളിൽ 69 പോയിന്റുകൾ മുന്നിലാണ്.
പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ ഒന്നാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ രണ്ടാമത് എത്തി. വെറും 9.5 സെക്കന്റുകൾക്ക് മാത്രം ആയിരുന്നു അലോൺസോ പിറകിൽ ആയത്. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആണ് മൂന്നാമത് എത്തിയത്. അതേസമയം 11 മത് റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർക് നാലാമത് എത്തിയപ്പോൾ 10 മത് റേസ് തുടങ്ങിയ കാർലോസ് സെയിൻസ് അഞ്ചാമത് എത്തി. റെഡ് ബുൾ വെർസ്റ്റാപ്പൻ കുതിപ്പ് തന്നെ ഒരിക്കൽ കൂടി കാണാം എന്നു തന്നെയാണ് 8 റേസുകൾ കഴിയുന്ന സമയത്ത് ഫോർമുല വൺ നൽകുന്ന ചിത്രം.