‘ഹാമിൾട്ടന്റെ പെരുമാറ്റം സ്പോർട്സ്മൻഷിപ്പിന് ചേരാത്തത്’ കടന്നാക്രമിച്ചു വെർസ്റ്റാപ്പൻ

Screenshot 20210719 012511

ബ്രിട്ടീഷ് ഗ്രാന്റ് പ്രീക്ക് പുറകെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനെ രൂക്ഷമായി വിമർശിച്ചു റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രംഗത്തു വന്നു. റേസ് തുടങ്ങിയ ഉടനെ തന്നെ ഹാമിൾട്ടന്റെ കാറിനെ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വെർസ്റ്റാപ്പൻ വലിയ അപകടം ഇല്ലാതെ രക്ഷപ്പെടുക ആയിരുന്നു. തുടർന്നു റേസ് പൂർത്തിയാക്കാനും ഡച്ച് ഡ്രൈവർക്ക് ആയില്ല. അപ്പോൾ തന്നെ അപകടത്തിന് കാരണം ഹാമിൾട്ടൻ ആണെന്ന് വെർസ്റ്റാപ്പൻ ആരോപിച്ചിരുന്നു. തുടർന്നു റേസിൽ തിരിച്ചു വരവ് നടത്തിയ ഹാമിൾട്ടൻ 10 സെക്കന്റ് ടൈം പെനാൽട്ടി അതിജീവിച്ചു നാടകീയ ജയം സ്വന്തമാക്കി. ജയത്തിനു ശേഷമുള്ള ഹാമിൾട്ടന്റെ ആഘോഷപ്രകടനം ആണ് വെർസ്റ്റാപ്പനെ കൂടുതൽ പ്രകോപിപ്പിച്ചത്.

ഹോസ്പിറ്റലിലേക്ക് മാറ്റിയ താൻ പൂർണ്ണമായും സുഖമായി ഇരിക്കുന്നു എന്നു പറഞ്ഞ വെർസ്റ്റാപ്പൻ ഇത്തരത്തിൽ പുറത്താവേണ്ടി വന്നതിൽ നിരാശയും രേഖപ്പെടുത്തി. ഹാമിൾട്ടനു നൽകിയ ടൈം പെനാൽട്ടി അദ്ദേഹം നടത്തിയ അപകടകരമായ നീക്കത്തിന് നീതിപൂർവമായ ശിക്ഷ ആയില്ല എന്നു വിമർശിച്ച വെർസ്റ്റാപ്പൻ റെസിന് ശേഷമുള്ള ഹാമിൾട്ടന്റെ ആഘോഷത്തെ കടന്നാക്രമിച്ചു. ഹാമിൾട്ടന്റെ ആഘോഷങ്ങൾ സ്പോർട്സ്മാൻ ഷിപ്പിന് നിരക്കാത്തതും ബഹുമാനം നൽകാത്തതും ആണെന്നും വെർസ്റ്റാപ്പൻ തുറന്നടിച്ചു. ഹോസ്പിറ്റലിൽ ഇരുന്നു ഇത് കാണേണ്ടി വന്നത് നിരാശജനകമാണെങ്കിലും താൻ തിരിച്ചു വരും എന്നും ഡച്ച് ഡ്രൈവർ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിൽ ആണ് താരം തന്റെ പ്രതികരണം നടത്തിയത്. നിലവിൽ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലെ ജയത്തോടെ ഹാമിൾട്ടൻ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ള വെർസ്റ്റാപ്പനുമായുള്ള പോയിന്റ് വ്യത്യാസം വെറും 8 ആയി കുറച്ചു. അതേസമയം ഹാമിൾട്ടനു എതിരെ കൂടുതൽ ശിക്ഷ വേണം എന്ന ആവശ്യം ഫോർമുല വൺ അധികൃതരോട് റെഡ് ബുള്ളും മുന്നോട്ട് വച്ചിട്ടുണ്ട്.