ഫോർമുല വണ്ണിലെ ചരിത്രമാറ്റം എന്നറിയപ്പെടുന്ന ഫോർമുല വൺ യോഗ്യത സ്പ്രിന്റിൽ ആദ്യമെത്തി നാളത്തെ റേസിൽ പോൾ പൊസിഷൻ സ്വന്തമാക്കി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. പതിവിൽ നിന്നു വ്യത്യസ്തമായി യോഗ്യത റേസുകൾക്ക് പുറമെ യോഗ്യതക്ക് ആയി ഒരു മിനി റേസ് നടത്തുക എന്ന രീതി ആദ്യമായി ആണ് ഫോർമുല വണ്ണിൽ നടപ്പിലാക്കപ്പെട്ടത്. ഇന്നലെ യോഗ്യതയിൽ ഒന്നാമത് എത്തിയ ഹാമിൾട്ടൻ ആണ് സ്പ്രിന്റിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയത്. 17 ലാപ്പുകൾ ആയിരുന്നു സ്പ്രിന്റിൽ ഉണ്ടായിരുന്നത്.
ഹാമിൾട്ടന്റെ നാട്ടിൽ പോൾ പൊസിഷനിൽ തുടങ്ങിയ മെഴ്‌സിഡസിനെ തുടക്കത്തിൽ തന്നെ മറികടന്ന വെർസ്റ്റാപ്പൻ സ്പ്രിന്റിൽ ഒന്നാമത് എത്തി പോൾ പൊസിഷൻ സ്വന്തമാക്കി. ഇതോടെ പോൾ പൊസിഷനു പുറമെ 3 പോയിന്റുകൾ കൂടി വെർസ്റ്റാപ്പനു ലഭിക്കും. ഇതോടെ ഹാമിൾട്ടനുമായുള്ള പോയിന്റ് വ്യത്യാസം വെർസ്റ്റാപ്പൻ 33 പോയിന്റുകൾ ആയി ഉയർത്തി. ഹാമിൾട്ടൻ രണ്ടാമത് ആയപ്പോൾ മെഴ്‌സിഡസ് സഹ ഡ്രൈവർ വെറ്റാരി ബോട്ടാസ് മൂന്നാമത് എത്തി. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് നാലാമത് എത്തിയത്. അതേസമയം റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പന്റെ സഹ ഡ്രൈവർ സെർജിയോ പെരസിന് സ്പ്രിന്റ് റേസ് പൂർത്തിയാക്കാൻ ആയില്ല.