സീസണിലെ ആദ്യ റേസിൽ ആവേശകാഴ്ചകൾ, ജയം കണ്ട് ബോട്ടാസ്, ഹാമിൾട്ടനു തിരിച്ചടി

കോവിഡ് കാലത്തെ ലോക് ഡോണിന് ശേഷമുള്ള 2020 തിലെ ആദ്യ ഫോർമുല വൺ റേസിൽ ആവേശക്കാഴ്‌ച്ചകൾ. ഓസ്ട്രിയയിൽ നടന്ന ആദ്യ റേസിന് മുമ്പ് ബ്ലാക്ക് ലൈഫ്‌സ് മാറ്റർ പ്രതിഷേധങ്ങൾക്ക് പിന്തുണ അർപ്പിച്ചു താരങ്ങൾ മുട്ടുകുത്തി ഇരുന്നാണ് സീസണിലെ ആദ്യ റേസിന് ഓസ്ട്രിയയിൽ തുടക്കം കുറിച്ചത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ തന്റെ ജേഴ്‌സിയിൽ അണിഞ്ഞ് ആണ് ഹാമിൾട്ടൻ റേസിന് എത്തിയത്. അതേസമയം ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, റെഡ് ബുള്ളിന്റെ മാർക്സ് വെർസ്റ്റാപ്പൻ അടക്കം 6 ഡ്രൈവർമാർ മുട്ടു കുത്തി ഇരിക്കാൻ തയ്യാർ ആവാത്തതും കണ്ടു. നിരവധി ഡ്രൈവർമാർ പല വിധ പ്രശ്നങ്ങളുമായി റേസ് പൂർത്തിയാക്കാൻ ആവാത്തത് ആണ് ആദ്യ റേസിൽ തന്നെ കണ്ടത്. പോൾ പൊസിഷനിൽ തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസ് മികച്ച ലീഡ് തുടക്കം മുതൽ തന്നെ നിലനിർത്തുകയും ആദ്യ സ്ഥാനത്ത് റേസ് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് രണ്ടാമത് എത്തിയത് തന്റെ കരിയറിലെ ആദ്യ പോഡിയം ഫിനിഷ് ചെയ്ത മക്ലാരന്റെ ലാന്റോ നോറിസ് മൂന്നാം സ്ഥാനത്ത് എത്തി. പോഡിയം ഫിനിഷ് ചെയ്യുന്ന എഫ് 1 ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഇതോടെ നോറിസ്. റേസിൽ രണ്ടാം സ്ഥാനത്ത് എത്തിയത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആണെങ്കിലും റെഡ് ബുൾ ഡ്രൈവർ ആൽബോനും ആയി കൂട്ടിയിടിച്ചതിനാൽ ബ്രിട്ടീഷ് ഡ്രൈവർക്ക് 5 സെക്കന്റ് പിഴ വിധിക്കുക ആയിരുന്നു. ഇതോടെ മൂന്നാമത് എത്തിയ ചാൾസ് രണ്ടാമതും നാലാമത് എത്തിയ നോറിസ് മൂന്നാമതും എത്തി.

ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ആൽബോൻ 10 ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുള്ള ഹാമിൾട്ടനെ മറികടക്കും എന്നുറപ്പിച്ചത് ആണ് എന്നാൽ തന്നെ പൊസിഷൻ വിട്ട് കൊടുക്കാൻ ഹാമിൾട്ടൻ തയ്യാറാകാത്തത് ആൽബോന്റെ കാർ ഹാമിൾട്ടന്റെ കാറുമായി ഇടിക്കാൻ കാരണമായി. ഇതോടെ ആൽബോൻ റേസ് അവസാനിപ്പിക്കാൻ നിർബന്ധിതനായി. ഇതിനാണ് പിന്നീട് നിലവിലെ ലോക ചാമ്പ്യനു 5 സെക്കന്റ് പിഴ വിധിച്ചത്‌. അവസാന ലാപ്പിൽ ഏറ്റവും മികച്ച സ്പീഡിൽ ലാപ്പ് ഫിനിഷ് ചെയ്ത് ആണ് നോറിസ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ 20 കാരൻ ആയ നോറിസ് പോഡിയം ഫിനിഷ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് ഡ്രൈവർ കൂടിയായി. രണ്ടാം സ്ഥാനം നഷ്ടമായി എങ്കിലും അഞ്ചാമത് റേസ് തുടങ്ങിയ ഹാമിൾട്ടനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടാം. അതേസമയം തന്റെ കരിയറിൽ ആദ്യമായി പത്താം സ്ഥാനത്ത് റേസ് അവസാനിപ്പിക്കാൻ ആയിരുന്നു ഫെരാരിയുടെ മുൻ ലോക ചാമ്പ്യൻ സെബ്യാസ്റ്റൻ വെറ്റലിന്റെ വിധി. അടുത്ത ആഴ്ച ഓസ്ട്രിയയിൽ തന്നെയാണ് രണ്ടാം ഗ്രാന്റ് പ്രീയും നടക്കുക.

Previous articleറൗൾ ഗാർസിയയെ ചവിട്ടിയത് അറിയാതെ എന്ന് റാമോസ്
Next articleമാർട്ടിനെസിന്റെ പെനാൾട്ടി പിഴച്ചു, ഇന്റർ മിലാന്റെ കിരീട പ്രതീക്ഷയും അവസാനിച്ചു