ആദ്യം അപകടം പിന്നെ എന്തൊരു ത്രില്ലർ!!! ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു കാർലോസ് സെയിൻസ്, പൊരുതി മൂന്നാം സ്ഥാനം നേടി ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സിൽവർ സ്റ്റോൺ സർക്യൂട്ടിൽ റെക്കോർഡ് ഒന്നര ലക്ഷത്തിന് അടുത്ത് കാണികൾക്ക് മുമ്പിൽ അവിശ്വസനീയ ത്രില്ലർ സമ്മാനിച്ചു ബ്രിട്ടീഷ് ഗ്രാന്റ് പ്രീ. തുടക്കത്തിൽ ആൽഫ റോമിയോയുടെ ചോ ഗാന്യു, വില്യംസിന്റെ അലക്‌സ് ആൽബോൺ എന്നിവർക്ക് സംഭവിച്ച വലിയ അപകടം ഞെട്ടിച്ച റേസ് അതിനു ശേഷം പുനരാരംഭിച്ചപ്പോൾ കണ്ടത് സമീപകാലത്തെ ഏറ്റവും വലിയ ത്രില്ലർ ആയിരുന്നു. ഡ്രൈവർക്ക് പ്രശ്‌നങ്ങൾ ഇല്ല എന്ന വാർത്ത ആരാധകർക്ക് ആശ്വാസവും പകർന്നു. തുടക്കത്തിൽ മുന്നിൽ ആയിരുന്ന ലൂയിസ് ഹാമിൾട്ടനിൽ നിന്നു അപകടത്തിന് ശേഷമുള്ള പുനരാരംഭത്തിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെരാരിയുടെ കാർലോസ് സെയിൻസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇടക്ക് മുന്നിട്ട് നിന്ന ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പനു കാറിന്റെ പിഴവുകൾ തിരിച്ചടിയായി. അവസാന 12 ലാപ്പുകളിൽ തീപാറും പോരാട്ടം തന്നെയാണ് റേസിൽ കണ്ടത്. രണ്ടാം സ്ഥാനത്തിന് ആയി പരസ്പരം പൊരുതുന്ന റെഡ് ബുള്ളിന്റെ സെർജിയോ പെരസ്, മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ,ഫെരാരിയുടെ ചാൾസ് ലെക്ലെർക്, ആൽഫിന്റെ അലോൺസോ എന്നിവരെ ആണ് കാണാൻ ആയത്.

Screenshot 20220703 224358

വലിയ വെല്ലുവിളി പെരസിൽ നിന്നു നേരിട്ടു എങ്കിലും ഒന്നാം സ്ഥാനം സ്വന്തം പേരിൽ കുറിച്ച കാർലോസ് സെയിൻസ് കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം വിജയം ബ്രിട്ടനിൽ കുറിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ നേരിട്ട വെല്ലുവിളികൾ എല്ലാം സ്പാനിഷ് ഡ്രൈവർ മികച്ച രീതിയിൽ മറികടക്കുക ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ആയി കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഇടക്ക് കാണികളുടെ വലിയ പിന്തുണയോടെ ഹാമിൾട്ടൻ രണ്ടാം സ്ഥാനം നേടും എന്നു തോന്നിയെങ്കിലും സെർജിയോ പെരസ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. അവസാന ലാപ്പുകളിൽ റേസിലെ ഏറ്റവും വേഗതയേറിയ ലാപ് കുറിച്ച ഹാമിൾട്ടൻ ലെക്ലെർക് ഉയർത്തിയ വലിയ വെല്ലുവിളി മറികടന്നു മികച്ച മൂന്നാം സ്ഥാനവും പോഡിയത്തിൽ സ്ഥാനവും സ്വന്തമാക്കി. വേഗതയേറിയ ലാപ്പിന് ഒരു പോയിന്റ് അധികം നേടാനും ഹാമിൾട്ടനു ആയി. സ്വന്തം നാട്ടിൽ 16 മത്തെ റേസിൽ റെക്കോർഡ് 13 മത്തെ തവണയാണ് ഹാമിൾട്ടൻ പോഡിയത്തിൽ ഇടം നേടുന്നത്.

Screenshot 20220703 230243 01

സീസണിൽ മോശം ഫോമിൽ ഉള്ള ഹാമിൾട്ടനു ഇത് വളരെ വലിയ നേട്ടം ആണ്. അതേസമയം ലോക ചാമ്പ്യൻഷിപ്പ് പോരിൽ ഒന്നാമതുള്ള റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്. എട്ടാം സ്ഥാനത്ത് എത്തിയ ഹാസിന്റെ ഇതിഹാസ ഡ്രൈവർ മൈക്കിൾ ഷുമാർക്കറിന്റെ മകൻ മിച്ച് ഷുമാർക്കർ അവസാന ലാപ്പുകളിൽ കടുത്ത പോരാട്ടം ആണ് വെർസ്റ്റാപ്പന് നൽകിയത്. എട്ടാമത് എത്തിയ മിച്ച് ഷുമാർക്കർ ഫോർമുല വണ്ണിലെ തന്റെ ആദ്യ പോയിന്റും ഇന്ന് കുറിച്ചു. കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ ജയം ഫെരാരിക്ക് ഒപ്പം കുറിച്ച കാർലോസ് സെയിൻസിന്റെ ദിവസം തന്നെ ആയിരുന്നു ഇന്ന്. നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ വെർസ്റ്റാപ്പൻ ഒന്നാമതും സെർജിയോ പെരസ് രണ്ടാമതും ചാൾസ് ലെക്ലെർക് മൂന്നാമതും നിൽക്കുക ആണ്. നാലാമത് ആണ് കാർലോസ് സെയിൻസ്. നാലാമതു ആയിരുന്ന ജോർജ് റസലിന്‌ റേസ് പൂർത്തിയാക്കാൻ ആവാത്തത് മെഴ്‌സിഡസിന് തിരിച്ചടിയായി. നിലവിൽ നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ ഒന്നാമതും ഫെരാരി രണ്ടാമതും നിൽക്കുക ആണ്.