എന്നും അപകടങ്ങൾ നിറഞ്ഞത് തന്നെയാണ് റേസിംഗ്. ഫോർമുല 1 മുൻ ലോകജേതാവ് സെന്ന അടക്കം കാറോട്ട അപകടങ്ങളിൽ പൊളിഞ്ഞ ജീവിതങ്ങൾ ഇന്നും ആരാധകർക്ക് നീറുന്ന ഓർമ്മകൾ ആണ്. ആ സങ്കടകരമായ ലിസ്റ്റിലേക്ക് ഇന്ന് ഒരാൾ കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. എഫ് 2 വിലെ ഫ്രഞ്ച് ഡ്രൈവറായ ആന്തണി ഹുബർട്ട് ആണ് ആരാധകരുടെ കണ്ണീർ ആയി മാറിയത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റേസിംഗ് ട്രാക്ക് എന്നറിയപ്പെടുന്ന ബെൽജിയം ഗ്രാന്റ് പ്രിക്ക് മുന്നോടിയായുള്ള യോഗ്യത റേസിൽ ആണ് താരത്തിന്റെ ജീവൻ എടുത്ത അപകടം ഉണ്ടായത്. എഫ് 2 വിൽ എട്ടാമത് ഉണ്ടായിരുന്ന BWT ആർഡൻ ഡ്രൈവറുടെ കാറും അമേരിക്കൻ താരം യുവാൻ മാന്യുവൽ കൊറേയയുടെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിന് ശേഷം ഇരുവരെയും ഹോസ്പിറ്റലിൽ പ്രേവേശിച്ചു കുറച്ചു നേരത്തിനു ശേഷമാണ് ഫ്രഞ്ച് താരത്തിന്റെ മരണം എഫ്.ഐ.എ സ്ഥിരീകരിക്കുന്നത്. അമേരിക്കൻ താരത്തിന്റെ നില ഇപ്പോൾ തൃപ്തികരമായി തുടരുകയാണ്. അപകടത്തിനു ശേഷം റേസ് നിർത്തിവച്ചു. മരണം സ്ഥിരീകരിച്ച ഉടൻ തന്നെ റേസ് ഉപേക്ഷിക്കുന്നത് ആയി അധികൃതർ അറിയിച്ചു. ലൂയിസ് ഹാമിൾട്ടൻ,ഫെർണാണ്ടോ അലോൺസോ തുടങ്ങി ഡ്രൈവർമാരും ടീമുകളും തങ്ങളുടെ സങ്കടവും ഞെട്ടലും പങ്കുവച്ചു. ഈ കടുത്ത ആഘാതം അതിജീവിച്ചു വേണം ഡ്രൈവർമാർ ഇനിയുള്ള റേസിന് ഒരുങ്ങാൻ എന്നതും വസ്‌തുതയാണ്. സ്വന്തം ജീവിതം തന്നെ പണയം വച്ച് റേസിന് ഇറങ്ങുന്ന താരങ്ങൾക്ക് പലപ്പോഴും നൽകേണ്ടി വരിക സ്വന്തം ജീവൻ തന്നെയാണ് എന്നതിന്റെ അവസാനത്തെ ഉദാഹരണം കൂടിയാവുകയാണ് ഹുബർട്ട്. പ്രണാമം ഹുബർട്ട്!