പിഴ അതിജീവിച്ചു ഹാമിൾട്ടൻ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ഒന്നാമത്,വെർസ്റ്റാപ്പൻ അപകടത്തിൽപെട്ടു പുറത്തു

20210718 214737

തികച്ചും നാടകീയമായ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. തനിക്ക് ലഭിച്ച 10 സെക്കന്റ് ടൈം പെനാൽട്ടി അതിജീവിച്ച ഹാമിൾട്ടൻ റേസിൽ അവസാന ലാപ്പിൽ മാത്രമാണ് മുന്നിട്ട് നിന്നത് എന്നതും കൗതുകമായി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പനു പിറകിൽ രണ്ടാമത് ആയാണ് ഹാമിൾട്ടൻ റേസ് തുടങ്ങിയത്. റേസിന്റെ തുടക്കത്തിൽ തന്നെ വെർസ്റ്റാപ്പനെ മറികടക്കാനുള്ള ഹാമിൾട്ടന്റെ അപകടകരമായ ശ്രമത്തിൽ ഹാമിൾട്ടന്റെ കാറിൽ തട്ടിയ വെർസ്റ്റാപ്പന്റെ കാർ നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടു. കാർ പോയി ഇടിച്ചു കാറിനു വലിയ കേടുപാടുകൾ പരിയെങ്കിലും വലിയ അപകടം ഒന്നും വെർസ്റ്റാപ്പനു പറ്റിയില്ല. അപകടത്തിനു ഹാമിൾട്ടനെ അതിരൂക്ഷമായി അപ്പോൾ തന്നെ വിമർശിച്ച വെർസ്റ്റാപ്പൻ പൂർണ്ണമായും തെറ്റ് ഹാമിൾട്ടന്റേത് ആണെന്നും ആരോപിച്ചു. തുടർന്ന് 10 സെക്കന്റ് പെനാൾട്ടിയും ഹാമിൾട്ടനു ലഭിച്ചു. ഈ അവസരം മുതലെടുത്ത ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലെർക്ക് റേസിന്റെ നിയന്ത്രണവും ഇതോടെ ഏറ്റെടുത്തു.

തുടർന്ന് ലെക്ലെർക്കിനെയും രണ്ടാമതുള്ള സഹ മെഴ്‌സിഡസ് ഡ്രൈവർ വെറ്റാറി ബോട്ടാസിനെയും അതിശക്തമായി പിന്തുടരുന്ന ഹാമിൾട്ടനെ ആണ് കാണാൻ ആയത്. ഇടക്ക് ബോട്ടാസിനെ മറികടന്ന ഹാമിൾട്ടൻ അവസാന ലാപ്പിന് തൊട്ടുമുമ്പ് ലെക്ലെർക്കിനെയും മറികടന്നു സ്വന്തം നാട്ടിൽ തന്റെ എട്ടാം ജയം കുറിച്ചു. സമീപകാലത്തെ തിരിച്ചടിയിൽ നിന്നു റെക്കോർഡ് എട്ടാം ലോക ചാമ്പ്യൻഷിപ്പ് തേടുന്ന ഹാമിൾട്ടന്റെ വലിയ തിരിച്ചു വരവ് ആയി ഇത്. റേസിൽ ലെക്ലെർക്ക് രണ്ടാമത് ആയപ്പോൾ ബോട്ടാസ് മൂന്നാമതും മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് നാലാമതും എത്തി. റെഡ് ബുള്ളിനു മറ്റൊരു കനത്ത തിരിച്ചടിയായി 16 മത് ആയാണ് സെർജിയോ പെരസ് റേസ് അവസാനിപ്പിച്ചത്. നിർണായക ജയത്തോടെ ഹാമിൾട്ടൻ ലോക ചാമ്പ്യൻഷിപ്പിൽ 177 പോയിന്റുകളുമായി 185 പോയിന്റുകൾ ഉള്ള വെർസ്റ്റാപ്പനുമായുള്ള പോയിന്റ് വ്യത്യാസം വെറും 8 ആയും കുറച്ചു. ഹാമിൾട്ടനു ഒപ്പം മെഴ്‌സിഡസിനും റേസ് വലിയ നേട്ടം ആയി, റെഡ് ബുള്ളിന് വെറും നാലു പോയിന്റ് പിറകിൽ ആണ് മെഴ്‌സിഡസ് ഇപ്പോൾ.

Previous articleലിംഗാർഡ് തന്റെ പ്ലാനിൽ ഉണ്ട് എന്ന് സോൾഷ്യാർ
Next articleപൊരുതി നോക്കി ഷദബ് ഖാന്‍, വിജയം കൈപ്പിടിയിലാക്കി ഇംഗ്ലണ്ട് പരമ്പരയിലൊപ്പം