റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കി ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടിയ ഹാമിള്‍ട്ടണ്‍ തന്നെക്കാള്‍ ബോട്ടാസ് ആയിരുന്നു വിജയത്തിനു അര്‍ഹനെന്ന് സമ്മതിച്ചു. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസിനോട് സഹ ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടണെ മുന്നില്‍ കയറ്റി വിടുവാന്‍ മെഴ്സിഡസ് ടീം ഉത്തരവിടുകയായിരുന്നു. 26ാം ലാപ്പില്‍ താരത്തിനെ മുന്നില്‍ കയറ്റിവിടുവാന്‍ ബോട്ടാസിനോട് മെഴ്സിഡസ് ഉത്തരവിടുകയായിരുന്നു. സെബാസ്റ്റ്യന്‍ വെറ്റല്‍ ഹാമിള്‍ട്ടണെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ലീഡ് കുറയാതിരിക്കുവാനായിരുന്നു മെഴ്സിഡസിന്റെ വിവാദ തീരുമാനം.
തന്നെ മുന്നില്‍ കയറ്റി വിട്ടത് വഴി വാള്‍ട്ടേരി ബോട്ടാസ് തികഞ്ഞൊരു ജെന്റില്‍മാന്‍ ആണെന്നാണ് ഹാമിള്‍ട്ടണ്‍ ആദ്യം പ്രതികരിച്ചത്. തന്റെ വിജയങ്ങളില്‍ തനിക്ക് ഏറ്റവും കുറവ് അഭിമാനം തോന്നുന്ന ഒരു വിജയമാണ് റഷ്യയില്‍ ഇന്ന് തനിക്ക് ലഭിച്ചതെന്ന് ഹാമിള്‍ട്ടണ്‍ കൂട്ടിചേര്‍ത്തു.