ഫോർമുല വണ്ണിൽ ഓസ്ട്രിയൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഒന്നാമത് എത്തി പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റാപ്പൻ. ഇത് തുടർച്ചയായ മൂന്നാം ഗ്രാന്റ് പ്രീയിൽ ആണ് വെർസ്റ്റാപ്പൻ പോൾ പൊസിഷൻ നേടുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ നിലവിൽ ഒന്നാമതുള്ള വെർസ്റ്റാപ്പനും റെഡ് ബുള്ളിനും ഇത് വലിയ പ്രചോദനം ആവും എന്നുറപ്പാണ്. മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് ആണ് യോഗ്യതയിൽ രണ്ടാമത് എത്തിയത്. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് മൂന്നാമത്.
അതേസമയം കടുത്ത തിരിച്ചടിയാണ് ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടനും മെഴ്സിഡസിനും ഇന്ന് നേരിട്ടത്. നാലാമത് ആയി മാത്രമാണ് ഹാമിൾട്ടൻ യോഗ്യത നേടിയത്. അഞ്ചാമത് ആയി ഹാമിൾട്ടന്റെ സഹ ഡ്രൈവർ വെറ്റാരി ബോട്ടാസ് എത്തിയപ്പോൾ ഫെരാരിയുടെ കാർലോസ് സെയിൻസ് പത്താമത് ആയാണ് നാളെ റേസ് ആരംഭിക്കുക. അതേസമയം ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് 12 മത് യോഗ്യത നേടിയപ്പോൾ 11 മത് ആയി ആസ്റ്റൻ മാർട്ടിന്റെ ഇതിഹാസ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ യോഗ്യത നേടി. നിലവിൽ വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻഷിപ്പിലും റെഡ് ബുൾ നിർമാതാക്കളുടെ വിഭാഗത്തിലും മുന്നിലാണ്. ഈ ലീഡ് കൂട്ടാൻ ആവും റേസിൽ ഡച്ച് ഡ്രൈവറുടെ ശ്രമം.