അപ്രതീക്ഷിത നീക്കത്തിൽ, ബാഴ്സലോണയുടെ ഇതിഹാസതാരം സാവി ഹെർണാണ്ടസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനാകാൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ടെക്നിക്കൽ കമ്മിറ്റിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സാവിയുടെ സ്വകാര്യ ഇമെയിൽ ഐഡിയിൽ നിന്നാണ് അപേക്ഷ ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം ഇതൊരു തമാശയായി കരുതി തള്ളിക്കളഞ്ഞെങ്കിലും, അപേക്ഷയുടെ ആധികാരികത സുബ്രതാപോൾ സ്ഥിരീകരിച്ചു. സാവിയുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നു എന്നത് ശരിയാണ് എന്നും AIFF-ലേക്ക് ഇമെയിൽ വഴിയാണ് അപേക്ഷ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ്, സ്പെയിനിനൊപ്പം രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, ബാഴ്സലോണയ്ക്കൊപ്പം 25 പ്രധാന ട്രോഫികൾ നേടിയ സാവി ബാഴ്സലോണയുടെ പരിശീലകനായാണ് അവസാനം പ്രവർത്തിച്ചത്.
അപേക്ഷ വന്നെങ്കിലും സാമ്പത്തികപരമായ ഉയർന്ന ആവശ്യങ്ങൾ കാരണം അദ്ദേഹത്തെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർകോവിച്ച്, ഖാലിദ് ജമീൽ എന്നിവരടങ്ങിയ അന്തിമ പട്ടികയാണ് ശുപാർശ ചെയ്തത്.