പെനാൽട്ടി പാഴാക്കിയും പെനാൽട്ടി വഴങ്ങിയും ഐസ്ലാന്റ്, ബെൽജിയത്തിനോട് സമനില

Wasim Akram

Screenshot 20220710 235140 01

വനിത യൂറോ കപ്പിൽ ഐസ്ലാന്റ്, ബെൽജിയം മത്സരം സമനിലയിൽ. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുക ആയിരുന്നു. മത്സരത്തിൽ ഒരു പെനാൽട്ടി പാഴാക്കിയ ഐസ്ലാന്റ് ഒരു പെനാൽട്ടി ഗോൾ വഴങ്ങുകയും ചെയ്തു. വിരസമായ ആദ്യ പകുതിയിൽ 33 മത്തെ മിനിറ്റിൽ ഐസ്ലാന്റിന് അനുകൂലമായ പെനാൽട്ടി അനുവദിക്കപ്പെട്ടു. ദാവിന ഫിൽജെൻസിന്റെ ഹാന്റ് ബോളിന് ആയിരുന്നു ഐസ്ലാന്റിന് പെനാൽട്ടി അനുവദിക്കപ്പെട്ടത്. പെനാൽട്ടി എടുത്ത ബെർഗിലന്റിന് പക്ഷെ പിഴച്ചു.

Screenshot 20220710 235311

ബെൽജിയം ഗോൾ കീപ്പർ നിക്കി എവാർഡ് ആ പെനാൽട്ടി രക്ഷിച്ചു. രണ്ടാം പകുതിയിൽ ഐസ്ലാന്റ് മത്സരത്തിൽ മുന്നിലെത്തി. കരോളിനയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ബെർഗിലന്റ് തന്റെ പെനാൽട്ടി പിഴവിന് പ്രായശ്ചിത്തം ചെയ്തു. 67 മത്തെ മിനിറ്റിൽ പക്ഷെ ബെൽജിയം മത്സരത്തിൽ ഒപ്പം എത്തി. എലേന ദോന്റിനെ വെന്റിസ് വീഴ്ത്തിയപ്പോൾ റഫറി ഉടൻ തന്നെ പെനാൽട്ടി അനുവദിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത റെഡിങ് താരം ജസ്റ്റിൻ വാൻഹർമറ്റ് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ടു. തുടർന്ന് അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും എതിർ ഗോൾ കീപ്പർമാരെ പരീക്ഷിച്ചു എങ്കിലും മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.