വനിതാ ഫുട്ബോളേഴ്സ് മെച്ചപ്പെട്ട വേതനം അർഹിക്കുന്നു എന്ന് ഓസ്ട്രേലിയ വനിതാ താരം സാം കെർ പറഞ്ഞു. ഓസ്ട്രേലിയൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വനിതാ താരമാണ് സാം കെർ. എന്നാൽ തന്റെ അവസ്ഥ അല്ല മിക്ക വനിതാ താരങ്ങൾക്കും എന്ന് സാം കെർ പറഞ്ഞു. പലർക്കും മിനിമം വേതനം വരെ ലഭിക്കുന്നില്ല. ആഴ്ചയിൽ ടി വിയിൽ കാണുന്ന രണ്ട് മണിക്കൂർ മാത്രമല്ല ഫുട്ബോൾ താരങ്ങളുടെ ജോലി. എത്ര മാത്രം ഒരോ താരങ്ങളും പ്രൊഫഷണൽ താരമാകാൻ കഷ്ടപ്പെടുന്നുണ്ട് എന്ന് ലോകം അറിയണം എന്നും കെർ പറഞ്ഞു.
നേരത്തെ നെയ്മാറിന്റെ ശമ്പളം ലോകത്തെ മികച്ച ഏഴു വനിതാ ഫുട്ബോൾ ലീഗിലെ മൊത്തം താരങ്ങളുടെയുൻ ശമ്പളത്തിൽ കൂടുതൽ ആണെന്ന് ഒരു സർവേ കണ്ടെത്തിയിരുന്നു. ഇതും കെർ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ പോലെ വൻ ശമ്പളം അല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. മറിച്ച് ജീവിക്കാൻ വേണ്ടിയുള്ള ശമ്പളമാണെന്നും കെർ പറഞ്ഞു.