ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള വേദികൾ ഫിഫ പ്രഖ്യാപിച്ചു. ഭുവനേശ്വര്, ഗോവ, നവി മുംബൈ എന്നി നഗരങ്ങളായിരിക്കും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. 24 ജൂണിന് സൂറിച്ചിൽ വെച്ച് ടൂർണമെന്റ് ഗ്രൂപ്പ് നറുക്കെടുപ്പും നടക്കും.
COVID-19 കാരണം ടൂർണമെന്റിന്റെ 2020 പതിപ്പ് റദ്ദാക്കിയതിനെത്തുടർന്നായിരുന്നു 2022 ലോകകപ്പ് ഇന്ത്യക്ക് ലഭിച്ചത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം എന്നിവയാണ് ലോകകപ്പിന് വേദിയാവുക.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ജപ്പാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ടൂർണമെന്റിൽ ആകെ 16 ടീമുകൾ മത്സരിക്കും. ബാക്കി ടീമുകൾ ഉടൻ യോഗ്യത ഉറപ്പാക്കും.