ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ മെക്സിക്കോയെ തോൽപ്പിച്ചാണ് സ്പെയിൻ പെൺകുട്ടികൾ കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. ആദ്യ 26 മിനുട്ടിനിടെ ക്ലോഡ പിന നേടിയ ഇരട്ട ഗോളുകളാണ് സ്പെയിനിനെ കിരീട ജേതാക്കൾ ആക്കിയത്. ടൂർണമെന്റിൽ ഒരു മത്സരവും പരാജയപ്പെടാതെ ആണ് സ്പെയിൻ ചാമ്പ്യന്മാരായത്.
രണ്ട് ദിവസം മുമ്പ് നടന്ന സെമി ഫൈനലിൽ ന്യൂസിലാണ്ടിനെ തോൽപ്പിച്ചായിരുന്നു സ്പെയിൻ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിന്റെ സെമിയിലെ ജയം. ഫൈനലിലെ ഹീറോ പിന തന്നെയാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയത്. ലൂസേഴ്സ് ഫൈനലിൽ കാനഡയെ തോൽപ്പിച്ച് ന്യൂസിലൻഡ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.