ഇന്ത്യൻ വനിതാ ലീഗിന് രണ്ടാം ദിവസം നടന്നത് ഒരു ക്ലാസിക് ത്രില്ലർ ആണെന്ന് തന്നെ പറയാം. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കൊൽഹാപൂർ സിറ്റിയും ബറോഡ അക്കാദമിയും ആയിരുന്നു ഏറ്റുമുട്ടിയത്. നാടകീയത നിറഞ്ഞു നിന്ന മത്സരത്തിൽ ആകെ പിറന്നത് ഏഴു ഗോളുകൾ. ഇതിൽ മൂന്നെണ്ണം പിറന്നത് കളിയുടെ അവസാന മൂന്നു മിനുട്ടികളിൽ. അവസാനം ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കൊൽഹാപൂർ സിറ്റി വിജയിക്കുകയും ചെയ്തു.
കളിയിൽ രണ്ട് ഗോളിന് പിറകിൽ ആയ ശേഷമായിരുന്നു കൊൽഹാപൂർ സിറ്റിയുടെ തിരിച്ചുവരവും വിജയം. ആദ്യം 28ആം മിനുട്ടിൽ ഒരു ഓൺ ഗോളിലൂടെ ബറോഡ മുന്നിൽ എത്തി. 35ആം മിനുട്ടിൽ മോനയിലൊടെ ലീഡ് ഇരട്ടിയാക്കാനും ബറോഡയ്ക്കായി. ആദ്യ പകുതി അവസാനിക്കും മുമ്പ് കാശ്മിനയിലൂടെ ഒരു ഗോൾ മടക്കി പ്രതീക്ഷ വെച്ച കൊൽഹാപൂർ രണ്ടാം പകുതിയിൽ കാശ്മിനയിലൂടെ തന്നെ സമനിലയും പിടിച്ചു.
87ആം മിനുട്ടിൽ പ്രതീക്ഷ മിതാരിയിലൂടെ 3-2ന്റെ ലീഡ് എടുത്ത കൊൽഹാപൂർ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ഗോൾ മടക്കി ബറോഡ സ്കോർ 3-3 എന്നാക്കി. ഹേത ഷുക്ല ആയിരുന്നു ബറോഡയ്ക്കായി ഗോൾ നേടിയത്. അവസാനം ഇഞ്ച്വറി ടൈമിൽ കമലാദേവിയുടെ ഗോൾ വേണ്ടി വന്നു കൊൽഹാപൂരിന് വിജയം ഉറപ്പിക്കാൻ.