ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ റെയില്‍വേഴ്‌സിന് ഉഗ്രന്‍ തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ഇതോടെ രണ്ട് മത്സരവും തോറ്റ ദാദ്ര ആന്‍ഡ് നാഗര്‍ഹേവലി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. റെയില്‍വേഴ്‌സിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി. സുപ്രിയ റൗട്രായിയുടെ വകയാണ് ഒരു ഗോള്‍. ഡിസംബര്‍ 2 ന് രാവിലെ 9.30 ന് നടക്കുന്ന ഛത്തീസ്ഗഢ് റെയില്‍വേഴ്‌സ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയില്‍ നിന്നും ക്വാര്‍ട്ടറിന് യോഗ്യത നേടും. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ഗോള്‍മികവിന്റെ അടിസ്ഥാനത്തില്‍ ഛത്തീസ്ഗഢ് ക്വാര്‍ട്ടറിന് യോഗ്യത നേടും.
ആദ്യ പകുതി
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ റെയില്‍വേഴ്‌സ് അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്തു. തുടരെ തുടരെ അവസരങ്ങള്‍ റെയില്‍വേഴ്‌സിനെ തേടിയെത്തി. ഫിനിഷിങിലെ കുറവ് ഗോളിനെ മാറ്റിനിര്‍ത്തി. 28 ാം മിനുട്ടില്‍ റെയില്‍വേഴ്‌സിന്റെ നവോബി ചാനു ലൈഷ്‌റാം എടുത്ത ഫ്രീക്കിക്ക് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയുടെ ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന മമ്തക്ക് ലഭിച്ചു. മമ്ത അനായാസം ഗോളാക്കി മാറ്റി. 31 ാം മിനുട്ടില്‍ റെയില്‍വേയുടെ രണ്ടാം ഗോളെത്തി. മധ്യനിരയില്‍ നിന്ന് നീട്ടി നല്‍കിയ പാസില്‍ പ്രതിരോധ താരം സുപ്രിയ റൗട്രായിയുടെ മനോഹരമായ ഫിനിഷ്. മത്സരം അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിക്ക് രണ്ട് ഫ്രീക്കിക് ലഭിച്ചെങ്കിലും ക്രോസ് ബോറും റെയില്‍വേയുടെ ഗോള്‍ കീപ്പറും രക്ഷകയായി.
രണ്ടാം പകുതി
49 ാം മിനുട്ടില്‍ ബോക്‌സിന് പുറത്തുനിന്ന് ഫൗള്‍ ചെയ്തതിന് റെയില്‍വേഴ്‌സിന് ലഭിച്ച ഫ്രീക്കിക്ക് മമ്ത സുന്ദരമായി ഗോളാക്കി. 66 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് നീട്ടിനല്‍കിയ പാസില്‍ മമ്തയുടെ മൂന്നാം ഗോള്‍. 72 ാം മിനുട്ടില്‍ ദാദ്ര താരം മോഹിനി ചൗധരി ചുവപ്പ് കാര്‍ഡ് കണ്ട് (രണ്ടാം മഞ്ഞകാര്‍ഡ് 65,72) പുറത്തായി. 76 ാം മിനുട്ടില്‍ മമ്തയുടെ നാലാം ഗോള്‍ ലീഡ് അഞ്ചാക്കി.