വനിതാ ലോകകപ്പിൽ നൈജീരിയക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയെ ആണ് നൈജീരിയ പരാജയപ്പെടുത്തിയത്. തങ്ങളെക്കാൾ മികച്ച ടീമായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നൈജീരിയ പരാജയപ്പെടുത്തിയത്. 29ആം മിനുട്ടിൽ കിൻ ഡോയൻ വഴങ്ങിയ സെൽഫ് ഗോളാണ് ആദ്യം നൈജീരിയയെ മുന്നിൽ എത്തിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ ഒഷൊവോലയിലൂടെ നൈജീരിയ തങ്ങളുടെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ആദ്യ മത്സരത്തിൽ നൈജീരിയ നോർവയോട് പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ 1999ന് ശേഷം ഒരു നോകൗട്ട് റൗണ്ട് എന്ന നൈജീരിയൻ പ്രതീക്ഷ സജീവമായി.