കൊൽഹാപൂരിനെയും തകർത്ത് മണിപ്പൂർ പോലീസ് സെമിയിൽ, ഗോകുലത്തിന്റെ എതിരാളികൾ ആയേക്കും

- Advertisement -

വനിതാ ഫുട്ബോൾ ലീഗിൽ ഒരിക്കൽ കൂടെ ബാലാ ദേവിയുടെ താണ്ഡവം. തുടർച്ചയായ മൂന്നാം മത്സരത്തിലും ഹാട്രിക്ക് അടിച്ച ബാലാ ദേവിയുടെ മികവിൽ മണിപ്പൂർ പോലീസ് സെമിയിലേക്ക് കടന്നു. ഇന്ന് കൊൽഹാപൂർ സിറ്റിയെ തോൽപ്പിച്ചാണ് മണിപ്പൂർ പോലീസ് സെനി ഉറപ്പിച്ചത്‌.ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു മണിപ്പൂർ പോലീസിന്റെ ഇന്നത്തെ വിജയം.

ബാലാ ദേവി തന്നെയാണ് ഇന്നും താരമായത്. ഇന്നത്തെ ഗോളടിയോടെ 4 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ മണിപ്പൂർ പോലീസ് ആകെ നേടി. ഇതിൽ 16 ഗോളുകളും ബാലാ ദേവിയുടെ വകയാണ്. ബാലാദേവിയെ കൂടാതെ‌ പരമേശ്വരി ദേവിയുടെ ഇരട്ട ഗോളുകളും, ദയാ ദേവി, പ്രമോദിനി എന്നിവരുടെ ഗോളുകളും കൊൽഹാപൂരിന്റെ വലയിൽ വീണു. മണിപ്പൂർ പോലീസിന്റെ മൂന്നാം ജയമാണിത്. ഇന്നത്തെ ജയത്തോടെ മണിപ്പൂർ പോലീസിന് 9 പോയന്റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഇവർ ഉറപ്പിച്ചു. അവസാന മത്സരം ജയിച്ചാലും രണ്ടാം സ്ഥാനം മാത്രമെ മണിപ്പൂർ പോലീസിന് ലഭിക്കുകയുള്ളൂ.

ഇതോടെ സെമിയിൽ ഗോകുലം മണിപ്പൂർ പോലീസ് പോരാട്ടമാകും നടക്കുക എന്ന് ഏകദേശം തീരുമാനമായി. ഗോകുലത്തിന്റെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഗോകുലം നിലനിർത്തുക ആണെങ്കിലും മണിപ്പൂർ പോലീസ് ആകും സെമിയിൽ ഗോകുലത്തിന്റെ എതിരാളികൾ.

Advertisement