ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാവിലെ നടന്ന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഡല്‍ഹിയുടെ ജയം. ഇതോടെ രണ്ട് മത്സരവും തോറ്റ കര്‍ണാടക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കര്‍ണാടക ജാര്‍ഖണ്ഡിനോട് തോറ്റിരുന്നു. ഡല്‍ഹിക്കായി അഞ്ജനാ താപ ഇരട്ടഗോള്‍ നേടി. 4,85 എന്നീ മിനുട്ടുളിലായിരുന്നു അഞ്ജനയുടെ ഗോള്‍. 11 ാം മിനുട്ടില്‍ ഡല്‍ഹി പ്രതിരോധ താരം സാവി മെഹതയുടെ സെല്‍ഫ് ഗോളിലാണ് കര്‍ണാടക സമനില പിടിച്ചത്. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുണ്ട്.
ആദ്യ പകുതി
കര്‍ണാടകയും ഡല്‍ഹിയും കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുമായിയാണ് ഇറങ്ങിയത്. ആദ്യ പകുതി ഇരുടീമുകളുടെയും ആക്രമണവും പ്രത്യാക്രമണവുമാണ് കണ്ടത്. മത്സരം ആരംഭിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ കര്‍ണാടകയെ തേടി ആദ്യ അവസരമെത്തി. ഈ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച പൂര്‍ണിമ റാവു നല്‍കിയ ക്രോസ് കാവ്യ ഗോളാക്കിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി കീപ്പര്‍ തട്ടിഅകറ്റി. 4 ാം മിനുട്ടില്‍ ഡല്‍ഹിയാണ് ആദ്യ ഗോള്‍ നേടിയത്. മധ്യനിരയില്‍ നിന്ന് അഞ്ജലി നല്‍കിയ പാസ് അഞ്ജന താപ ഗോളാക്കി മാറ്റി. 11 ാം മിനുട്ടില്‍ കര്‍ണാടക തിരിച്ചടിച്ചു. ഇടതു വിങില്‍ നിന്ന് കര്‍ണാടക താരം കാവ്യ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഡല്‍ഹി പ്രതിരോധ താരം സാവി മെഹതയുടെ സെല്‍ഫ് ഗോളില്‍ കര്‍ണാടക സമനില പിടിച്ചു. വീണ്ടും ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗോളെന്നും നേടാന്‍ സാധിച്ചില്ല.
രണ്ടാം പകുതി
രണ്ടാം പകുതിയില്‍ വിജയം ലക്ഷ്യമിട്ട് തുടക്കം മുതല്‍ അറ്റാക്കിങിന് ശ്രമിച്ച കര്‍ണാടകയുടെ ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങള്‍ ഡല്‍ഹി പ്രതിരോധവും ഗോള്‍കീപ്പറും തട്ടിഅകറ്റി. മത്സരം സമനിലയില്‍ പിരിയുമെന്ന് ഉറപ്പിച്ച സമയത് 85 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് നീട്ടിനല്‍കിയ പാസിനായി ഓടി കയറിയ പകരക്കാരിയായി ഉറങ്ങിയ ഷാലിനി റായ് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ തടുത്തെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ച് നിന്നിരുന്ന ഡല്‍ഹി സ്‌ട്രൈക്കര്‍ അഞ്തലി താപക്ക് ലഭിച്ചു. അഞ്ജലിയുടെ സുന്ദരമായ ഫനിഷിങിലൂടെ ഡല്‍ഹി വിജയഗോള്‍ നേടി. സമനില പിടിക്കാന്‍ കര്‍ണാടക ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.