ഗോവക്ക് ജയം; ഗ്രൂപ്പില്‍ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് ഗോവ ഗ്രൂപ്പില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചത്.45+4 ാം മിനുട്ടില്‍ സ്റ്റെസ്സി കര്‍ഡോസയും 51 ാം മിനുട്ടില്‍ സുസ്മിത ജാദവുമാണ് ഗോവക്കായി ഗോള്‍ നേടിയത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്റോടെ ഗോവ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തി. ഗോള്‍മികവിലാണ് ഗോവ ഗ്രൂപ്പില്‍ ഒന്നാമതായത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിക്കും നാല് പോയിന്റാണ്. മൂന്ന് പോയിന്റുമായി ജാര്‍ഖണ്ഡാണ് ഗ്രൂപ്പില്‍ മൂന്നാമത്. ഇതോടെ ഡിസംബര്‍ മൂന്നിന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ രണ്ട് മത്സരങ്ങളും നിര്‍ണായകമായി. ആദ്യ മത്സരത്തില്‍ രാവിലെ 9.30 ന് ഡല്‍ഡി ജാര്‍ഖണ്ഡിനെ നേരിടും. 2.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗോവക്ക് കര്‍ണാടകയാണ് എതിരാളി. കളിച്ച രണ്ട് മത്സരവും തോറ്റ കര്‍ണാടക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിട്ടുണ്ട്.

ആദ്യ പകുതി

കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ സമനില നേടിയ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായിയാണ് ഗോവ ജാര്‍ഖണ്ഡിനെതിരെ ഇറങ്ങിയത്. 13 ാം മിനുട്ടില്‍ തന്നെ ജാര്‍ഖണ്ഡിനെ തേടി ആദ്യ അവസരമെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം ഗോവന്‍ കീപ്പര്‍ രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും ഗോളിന് ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയെ തേടി സുവര്‍ണാവസരമെത്തി. ബോക്‌സിന് പുറത്തു നിന്ന് ഗോവന്‍ താരം അടിച്ച ഷോട്ട് ജാര്‍ഖണ്ഡ് കീപ്പര്‍ തട്ടിഅകറ്റി. ആദ്യ പകുതി അധികസമയത്തേക്ക് നീങ്ങിയ സമയത്ത് 45+4 ാം മിനുട്ടില്‍ ഗോവ ലീഡെടുത്തു. ബോക്‌സിന് പുറത്തു നിന്ന് സ്റ്റെസ്സി കര്‍ഡോസയുടെ ഉഗ്രന്‍ ലോങ് റേഞ്ചറിലൂടെയായിരുന്നു ഗോള്‍.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 51 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് നീട്ടിനല്‍ക്കിയ പാസില്‍ സുസ്മിത ജാദവിന്റെ വകയായിരുന്നു ഗോള്‍. രണ്ടാം പകുതി അധികസമയത്തേക്ക് നീങ്ങിയ സമയത് 90+ 6 ാം മിനുട്ടില്‍ ജാര്‍ഖണ്ഡിന് ലഭിച്ച ഗോളെന്ന് ഉറപ്പിച്ച അവസരം ഗോവന്‍ കീപ്പര്‍ അനീറ്റ ഡി കോസ്റ്റ ഉഗ്രന്‍ സെവിലൂടെ രക്ഷപ്പെടുത്തി.