ഭൂവനേശ്വര്‍: ഒഡിഷയില്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള ഇന്ന് (28-4-22) നാലാം മത്സരത്തിനിറങ്ങും. രാത്രി 7.30ന് കലിങ്ക സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പിഫ സ്‌പോട്‌സ് എഫ്.സിയേയാണ് ഗോകുലം നേരിടുന്നത്.
ആദ്യ മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കിയ ഗോകുലം കേരള ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ച ഗോകുലം കേരള ഒന്‍പത് പോയിന്റുമായാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മധുരയില്‍ നിന്നുള്ള സേതു എഫ്.സി, കര്‍ണാടകയില്‍ നിന്നുള്ള കിക്സ്റ്റാര്‍ട് എഫ്.സി എന്നി ക്ലബുകളും മൂന്ന് മത്സരത്തില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോകുലം കേരളക്കാണ് മുന്‍തൂക്കം. മൂന്ന് മത്സരത്തില്‍ നിന്ന് മാത്രമായി 23 ഗോളുകളാണ് ഗോകുലം എതിര്‍ വലിയിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ ഒരു ഗോള്‍ പോലും വഴങ്ങുകുയം ചെയ്തിട്ടില്ല.
ഹന്‍സ് വുമണ്‍ ഫുട്‌ബോള്‍ ക്ലബിനെതിരേയുള്ള മത്സരത്തില്‍ 4 -2-3-1 ഫോര്‍മേഷനിലായിരുന്നു ഗോകുലം കേരള ഇറങ്ങിയത്. പ്രതിരോധത്തില്‍ ഉണ്ടായിരുന്ന താരങ്ങളെല്ലാം കൃത്യമായി ഉത്തരവാദിത്തം നിറവേറ്റിയതോടെയാണ് ഗോകുലത്തിന്റെ പോസ്റ്റില്‍ നിന്ന് ഗോള്‍ ഒഴിഞ്ഞു നിന്നത്. അതേ സമയം മൂന്ന് മത്സരം കളിച്ച പിഫക്ക് ഒരു മത്സരത്തില്‍ മാത്രമേ ജയിക്കാനായിട്ടുള്ള. ഒരു സമനലിയും ഒരു തോല്‍വിയുമാണ് മറ്റു ഫലങ്ങള്‍. അവസാന ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഗോകുലം കേരള ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. മത്സരം ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.