ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ് സി രാജകീയമായി തന്നെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹാൻസ് വുമൺസിനെ കൂടെ പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് ചാമ്പ്യൻ പട്ടം ഗോകുലം കേരള എഫ് സി തന്നെ സ്വന്തമാക്കി. ലുധിയാനയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഹാൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്.
പതിവ് പോലെ ഏകപക്ഷീയമായിരുന്നിലൽ ഗോകുലത്തിന് ഇന്നത്തെ മത്സരം. ഹാൻസ് തുടക്കത്തിൽ കടുത്ത വെല്ലിവിളി തന്നെ ഉയർത്തി. 12ആം മിനുട്ടിൽ അഞ്ജു തമാംഗിന്റെ ഗോളിൽ മുന്നിൽ എത്തിയ ഗോകുലത്തെ 23ആം മിനുട്ടിൽ ഗോൾ തിരിച്ചടിച്ച് സമനിലയിൽ പിടിക്കാൻ ഹാൻസിനായി. ഹാൻസിന്റെ ടോപ് സ്കോററായ അനുഷ്കാ സാമുവൽ ആയിരുന്നു സമനില ഗോൾ നേടിയത്.
35ആം മിനുട്ടിൽ രഞ്ജനയുടെ ഒരു സ്ക്രീമർ ആണ് ഗോകുലം കേരള എഫ് സിയെ തിരികെ ലീഡിൽ കൊണ്ടുവന്നത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ദലിമ ചിബറിലൂടെ ഗോകുലം കേരള എഫ് സി തങ്ങളുറെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ ഗോകുലം കേരള എഫ് സി 5 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.
സെമിയിൽ മണിപ്പൂർ പോലീസിനെ ആകും ഗോകുലം കേരള എഫ് സി നേരിടുക എന്നും ഈ മത്സരഫലത്തോടെ തീരുമാനമായി. ഗ്രൂപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അടിച്ച ഗോകുലം കേരള എഫ് സി ആകെ വഴങ്ങിയത് ഇന്ന് വഴങ്ങിയ ഒരേയൊരു ഗോളാണ്.