ഫ്രാൻസിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിക് ജർമ്മനി ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടർ പോരിൽ നൈജീരിയയെ തോല്പ്പിച്ചാണ് ജർമ്മനി ക്വാർട്ടറിൽ എത്തിയത്. ഏകപക്ഷീയമല്ല എങ്കിലും എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജർമ്മനി ഇന്ന് വിജയിച്ചത്. ജർമ്മനിയുടെ ആദ്യ രണ്ട് ഗോളുകളും വാറിന്റെ വിധിയിൽ ആയിരുന്നു.
20ആം മിനുട്ടിൽ പോപ് നേടിയ ഗോൾ ഓഫ്സൈഡ് എന്ന് സംശയിച്ചു എങ്കിലും വാറിന്റെ വിധിയിൽ ഗോൾ അനുവദിക്കുകയായിരുന്നു. അടുത്ത മിനുട്ടിൽ തന്നെ ഒരു പെനാൾട്ടിയും വാർ ജർമ്മനിക്ക് നൽകി. ഡേബ്രിറ്റ്സ് ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ഷുയിലർ ജർമ്മനിയുടെ മൂന്നാം ഗോളും നേടി. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാതെയാണ് ജർമ്മനി മുന്നേറുന്നത്.













