ഫിഫയുടെ ഏറ്റവും വലിയ പുരസ്കാരമായ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള വനിതാ താരങ്ങളുടെ അവസാന നോമിനേഷനുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഉടനീളം മികച്ചു നിന്ന 3 താരങ്ങളുടെ അന്തിമ ലിസ്റ്റ് ആണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ മാസം അവസാനിച്ച വനിതാ ലോകകപ്പിൽ താരമായ മേഗൻ റപീനോ, അലക്സ് മോർഗൻ ഒപ്പം ഇംഗ്ലീഷ് താരം ലൂസി ബ്രോൺസ് എന്നിവരാണ് അവസാന മൂന്നു പേരിൽ ഉൾപ്പെട്ടിരിക്കുന്നത്.
വനിതാ ലോകകപ്പിൽ ഗോൾഡൺ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ റപീനോ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അലക്സ് മോർഗനും ടീമിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. ഇംഗ്ലീഷ് ഡിഫൻഡറായ ലൂസി ബ്രോൺസ് ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ചു നിന്നതോടൊപ്പം ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗും, ഫ്രഞ്ച് ലീഗും നേടിയിട്ടുണ്ട്.