ബിബിസിയുടെ ഈ വർഷത്തെ മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ബെത്ത് മീഡ്

ബിബിസിയുടെ 2022 ലെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബെത്ത് മീഡ് തിരഞ്ഞെടുക്കപ്പെട്ടു. 27 കാരിയായ താരം ഇംഗ്ലണ്ട് കിരീടം നേടിയ യൂറോ കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ബെത്ത് തന്നെയായിരുന്നു.

ഈ വർഷത്തെ ബാലൻ ഡിയോർ കുറഞ്ഞ വോട്ടുകൾക്ക് ആണ് ഇംഗ്ലീഷ് താരത്തിന് നഷ്ടമായത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ മികവിനും ബെത്ത് തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്. നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ബെത്ത് തന്റെ സഹതാരങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി. ചെൽസിയുടെ സാം കെർ രണ്ടാമത് എത്തിയപ്പോൾ ബാലൻ ഡിയോർ ജേതാവ് ബാഴ്‌സലോണയുടെ അലക്സിയ പുതലസ് മൂന്നാമത് എത്തി.