ലോക റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ കെയ്‌റ വാൽഷിനെ ടീമിൽ എത്തിക്കാൻ ബാഴ്‌സലോണ

20220907 041839

വനിത ഫുട്‌ബോളിലെ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം കെയ്‌റ വാൽഷിനെ ബാഴ്‌സലോണ വനിതകൾ ടീമിൽ എത്തിക്കും. ചെൽസി പെർണിൽ ഹാർഡറിന് മുടക്കിയ രണ്ടര ലക്ഷം യൂറോ എന്ന തുകയാവും വാൽഷ് പഴയ കഥയാക്കുക. ഏതാണ്ട് 4 ലക്ഷം യൂറോ താരത്തിന് ആയി ബാഴ്‌സലോണ വനിതകൾ മുടക്കും എന്നാണ് സൂചന.

ഈ വർഷം ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടാത്ത മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ലൂസി ബ്രോൺസ് ബാഴ്‌സയിലേക്കും കരോളിൻ വെയിർ റയൽ മാഡ്രിഡിലേക്കും ജോർജിയ സ്റ്റാന്റ്വേ ബയേൺ മ്യൂണിക്കിലേക്കും കൂട് മാറിയിരുന്നു. ഇവരുടെ പാതയാണ് ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടിക്കൊടുക്കാൻ നിർണായക പങ്ക് വഹിച്ച വാൽഷും പിന്തുടരുന്നത്. സീസണിൽ ബാലൻ ഡിയോർ ജേതാവ് അലക്സിയ പുട്ടിയസ് ഇല്ലാതെ കളിക്കേണ്ടി വരും എന്നതിന് ആണ് ബാഴ്‌സ റെക്കോർഡ് തുകക്ക് ഇംഗ്ലീഷ് താരത്തെ ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്.