ബാഴ്സക്ക് സങ്കട രാത്രി! ബാഴ്സയെ വീഴ്ത്തി വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!!

- Advertisement -

ബാഴ്സലോണയ്ക്ക് ഇന്ന് നല്ല രാത്രിയല്ല. മെസ്സി ക്ലബ് വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ബാഴ്സലോണയുടെ വനിതാ ടീം ചാമ്പ്യൻസ് ലീഗ് സെമിയിൽ പുറത്തായെന്ന വാർത്ത കൂടെ ബാഴ്സലോണ ആരാധകരിലേക്ക് എത്തുകയാണ്. ചാമ്പ്യൻസ് ലീഗിൽ സെമിയിൽ വോൾവ്സ്ബർഗിന് മുന്നിലാണ് ബാഴ്സലോണക്ക് കാലിടറിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വോൾവ്സ്ബർഗിന്റെ വിജയം.

ഒപ്പത്തിനൊപ്പം നിന്ന് പോരാട്ടം കണ്ട മത്സരത്തിൽ 51ആം മിനുട്ടിലാണ് നിർണായകമായ ഗോൾ വന്നത്. റൗൾഫോ ആണ് വോൾസ്ബർഗിനായി ഗോൾ നേടിയത്. കൊറോണ ആയതിനാൽ ഒറ്റ നോക്കൗട്ട് മത്സരമായാണ് ക്വാർട്ടർ മുതൽ ഉള്ള പോരാട്ടം നടക്കുന്നത്. ഇന്ന് ഒരുപാട് അവസരങ്ങൾ തുലച്ച് കളഞ്ഞതാണ് ബാഴ്സക്ക് പ്രശ്നമായത്. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയ ടീമാണ് ബാഴ്സലോണ. നാളെ നടക്കുന്ന ലിയോണും പി എസ് ജിയും തമ്മിലുള്ള സെമിയിലെ വിജയികളെ ആകും ഫൈനലിൽ വോൾവ്സ്ബർഗ് നേരിടുക.

Advertisement