വനിതാ ഫുട്ബോൾ ലീഗിൽ ഇന്ന് വൈകിട്ട് കണ്ടത് ബാലാ ദേവിയുടെ താണ്ഡവം ആയിരുന്നു. മണിപ്പൂർ പോലീസും സായി കട്ടക്കും ഏറ്റുമുട്ടിയ മത്സരത്തിൽ ബാലാ ദേവി മാത്രം അടിച്ചു കൂട്ടിയത് ഏഴു ഗോളുകൾ. ഡബിൾ ഹാട്രിക്കും കഴിഞ്ഞ ഗോളടി. മണിപ്പൂർ പോലീസ് എതിരില്ലാത്ത പത്തു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ബാലാദേവി നാലു ഗോളുകൾ നേടിയിരുന്നു. രണ്ടാം പകുതിയിലും ഗോൾ വേട്ട തുടർന്ന ബാലദേവി താൻ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്ന് തെളിയിച്ചു.
ആദ്യമായാണ് വനിതാ ലീഗിലെ ഒരു മത്സരത്തിൽ ഒരു താരം ഏഴു ഗോളുകൾ നേടുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായ ബാലാദേവി എ ഐ എഫ് എഫുമായി ഉടക്കി ഇന്ത്യൻ ജേഴ്സി ഉപേക്ഷിച്ചു നിൽക്കുകയാണ് ഇപ്പോൾ. ബാലാദേവിയെ കൂടാതെ റൊണറോയ് ദേവിയും, ദയാ ദേവിയുമാണ് മണിപ്പൂർ പോലീസിന്റെ മറ്റു ഗോളുകൾ നേടിയത്. ലീഗിലെ മണിപ്പൂർ പോലീസിന്റെ ആദ്യ മത്സരത്തിൽ ബാലാദേവി ഇരട്ടഗോളുകൾ നേടിയിരുന്നു.